Skip to content

നെറ്റ് റൺറേറ്റ് കൂടെ നോക്കണം ! കോഹ്ലിയുടെ സെഞ്ചുറിയിൽ പ്രതികരിച്ച് പുജാര

തകർപ്പൻ സെഞ്ചുറിയാണ് ബംഗ്ളാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. സിക്സ് നേടി മത്സരം ഫിനിഷ് ചെയ്തതിനൊപ്പമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. എന്നാൽ കോഹ്ലി സെഞ്ചുറി പൂർത്തിയാക്കാൻ വേണ്ടി കളിച്ചതിൽ വിമർശനം ഒരു വിഭാഗം ആരാധകരിൽ നിന്നും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ സീനിയർ താരം ചേതേശ്വർ പുജാര.

മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 257 റൺസിൻ്റെ വിജയലക്ഷ്യം 41.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. 39 ആം ഓവറിലെ മൂന്നാം പന്ത് മുതൽ കോഹ്ലിയാണ് പിന്നീടുള്ള എല്ലാ പന്തുകളും നേരിട്ടത്. സിംഗിൾ ഓടേണ്ട എന്നുപറഞ്ഞുകൊണ്ട് കോഹ്ലിയോട് സെഞ്ചുറി പൂർത്തിയാക്കാൻ ആവശ്യപെട്ടത് താനാണെന്ന് മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞിരുന്നു.

കോഹ്ലി സെഞ്ചുറി നേടുവാൻ താനും ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിനൊപ്പം മത്സരം എത്രയും പെട്ടെന്ന് ഫിനിഷ് ചെയ്യണമെന്ന കാര്യം മനസ്സിൽ ഉണ്ടായിരിക്കണമെന്നും നെറ്റ് റൺറേറ്റ് എപ്പോഴും ഉയർന്നിരിക്കേണ്ടത് നിർണായകമാണെന്നും ഒരു ഘട്ടത്തിൽ നെറ്റ് റൺ റേറ്റിന് വേണ്ടി പൊരാടേണ്ടിവന്നാൽ ഈ മത്സരം നേരത്തെ ഫിനിഷ് ചെയ്യാത്തതിൽ ഖേദിക്കേണ്ടിവരുമെന്നും പുജാര പറഞ്ഞു.

ടീമിലെ കളിക്കാരൻ എന്ന നിലയിൽ ചില കാര്യങ്ങൾ ത്യജിക്കേണ്ടിവരുമെന്നും എല്ലായ്പ്പോഴും ടീമിനാണ് പ്രാധാന്യം നൽകേണ്ടതെന്നും നിങ്ങളുടെ വ്യക്തിഗതനേട്ടങ്ങൾ നേടുന്നത് ടീമിന് തിരിച്ചടി ഉണ്ടാക്കികൊണ്ടാകരുതെന്നും ഒരു കളിക്കാരൻ എന്ന നിലയിൽ ഇക്കാര്യത്തിൽ ചോയ്സുകൾ ഉണ്ടെന്നും ചില കളിക്കാർക്ക് ഒരു മത്സരത്തിൽ സെഞ്ചുറി ലഭിച്ചാൽ അത് അടുത്ത മത്സരത്തിൽ അവരെ സഹായിക്കുമെന്നും അതുകൊണ്ട് തന്നെ ആ നിമിഷത്തെ താരങ്ങളുടെ മാനസികാവസ്ഥയെ ആശ്രയിച്ചായിരിക്കുമെന്നും പുജാര പറഞ്ഞു.