Skip to content

ഷാഹിദ് അഫ്രീദിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡുമായി ഷഹീൻ അഫ്രീദി

ഏകദിന ലോകകപ്പിൽ ബാംഗ്ലൂരിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനായി ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഓസ്ട്രേലിയയെ രണ്ടാം സ്പെല്ലിലൂടെ ഷഹീൻ അഫ്രീദി പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡും ഷഹീൻ അഫ്രീദി സ്വന്തമാക്കി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസ് നേടിയിരുന്നു. 124 പന്തിൽ 163 റൺസ് നേടിയ ഡേവിഡ് വാർണറുടെയും 108 പന്തിൽ 121 റൺസ് നേടിയ മിച്ചൽ മാർഷിൻ്റെയും മികവിലാണ് ഓസ്ട്രേലിയ വമ്പൻ സ്കോർ കുറിച്ചത്.

ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ 400 റൺസിലേക്ക് കുതിക്കുമെന്ന് തോന്നിക്കവെയാണ് തൻ്റെ രണ്ടാം സ്‌പെല്ലിൽ മിച്ചൽ മാർഷിനെ പുറത്താക്കിയത്. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്വെല്ലിനെയും ഷഹീൻ അഫ്രീദി പുറത്താക്കി. അതിന് ശേഷം മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരെ പുറത്താക്കിയാണ് ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ഏകദിന ലോകകപ്പിൽ രണ്ടാം തവണയാണ് ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതിന് മുൻപ് 2019 ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ ഷഹീൻ 35 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയിരുന്നു.

ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ പാകിസ്ഥാൻ ബൗളറാണ് ഷഹീൻ അഫ്രീദി. മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ഷാഹിദ് അഫ്രീദിയാണ് രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള പാക് ബൗളർ.