Skip to content

അടിവാരത്തുനിന്നും ഓസ്ട്രേലിയയുടെ കുതിപ്പ് ! ലോകകപ്പ് പോയിൻറ് ടേബിൾ ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത ഓസീസ് ഇക്കുറി പാകിസ്ഥാനെയും പരാജയപെടുത്തി. ഈ വിജയത്തോടെ പോയിൻ്റ് ടേബിളിൽ മുൻപോട്ട് കുതിച്ചിരിക്കുകയാണ് ഓസ്ട്രേലിയ.

ലോകകപ്പിൽ ഒരു ഘട്ടത്തിൽ അഫ്ഗാനിസ്ഥാനും നെതർലൻഡ്സിനും പുറകിൽ പത്താം സ്ഥാനത്തേക്ക് ഓസ്ട്രേലിയ പിന്തള്ളപെട്ടിരുന്നു. ഇക്കുറി ഓസ്ട്രേലിയയുടെ സ്ഥിതി ദയനീയമായിരിക്കുമെന്ന് ഏവരും വിധിയെഴുതിയിരുന്നു.

എന്നാൽ തുടർച്ചയായ രണ്ട് വിജയം നേടി പാകിസ്താനെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കികൊണ്ട് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയം നേടിയ സൗത്താഫ്രിക്കയാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലിൽ നാലിലും വിജയിച്ച ഇന്ത്യയും ന്യൂസിലൻഡുമാണ് യഥാക്രമം രണ്ടാം സ്ഥാനത്തും ഒന്നാം സ്ഥാനത്തും ഉള്ളത്.

പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തും ഇംഗ്ലണ്ട് ആറാം സ്ഥാനത്തും ബംഗ്ളാദേശ്, നെതർലൻഡ്സ് എന്നീ ടീമുകൾ ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും ഉള്ളപ്പോൾ അഫ്ഗാൻ, ശ്രീലങ്ക എന്നീ ടീമുകളാണ് അവസാന സ്ഥാനത്ത് ഉള്ളത്. ശ്രീലങ്കയ്ക്ക് മാത്രമാണ് ഇതുവരെ വിജയം നേടുവാൻ സാധിക്കാത്തത്. നാളത്തെ മത്സരത്തിൽ ശ്രീലങ്ക നെതർലൻഡ്സിനെയും ഇംഗ്ലണ്ട് സൗത്താഫ്രിക്കയെയും നേരിടും.