Skip to content

തകർത്തടിച്ച് വാർണറും മാർഷും ! പാകിസ്ഥാനെതിരെ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ. ഡേവിഡ് വാർണറുടെയും മിച്ചൽ മാർഷിൻ്റെയും സെഞ്ചുറി മികവിലാണ് വമ്പൻ സ്കോർ ഓസ്ട്രേലിയ നേടിയത്.

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 367 റൺസ് നേടി.

തകർപ്പൻ തുടക്കമാണ് മാർഷും വാർണറും ചേർന്ന് ഓസ്ട്രേലിയക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 259 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. മിച്ചൽ മാർഷ് 108 പന്തിൽ 10 ഫോറും 9 സിക്സും ഉൾപ്പടെ 121 റൺസ് നേടിയപ്പോൾ ഡേവിഡ് വാർണർ 124 പന്തിൽ 14 ഫോറും 9 സിക്സും ഉൾപ്പടെ 163 റൺസ് അടിച്ചുകൂട്ടി.

എന്നാൽ മധ്യനിരക്ക് മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. ഗ്ലെൻ മാക്സ്വെൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ സ്റ്റീവ് സ്മിത്ത് 9 പന്തിൽ 7 റൺസ് നേടി പുറത്തായി.

മാർഷും വാർണറും പുറത്തായ ശേഷം മികച്ച തിരിച്ചുവരവാണ് പാകിസ്ഥാൻ നടത്തിയത്. ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഹീൻ അഫ്രീദി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി.