Skip to content

സന്നാഹ മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ !! ഓസ്ട്രേലിയക്ക് വിജയം

ഐസിസി ഏകദിന ലോകകപ്പ് സന്നാഹ മൽസരത്തിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയക്ക് വിജയം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 14 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 352 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 47.4 ഓവറിൽ 337 റൺസ് നേടാനെ സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി 59 പന്തിൽ 11 ഫോറും 2 സിക്സും അടക്കം 90 റൺസ് നേടിയ ബാബർ അസമും, 85 പന്തിൽ 83 റൺസ് നേടിയ ഇഫ്തിഖാർ അഹ്മദും 42 പന്തിൽ 50 റൺസ് നേടിയ മൊഹമ്മദ് നവാസും മികവ് പുലർത്തി.

ഓസ്ട്രേലിയക്കായി മാർനസ് ലാബുഷെയ്ൻ മൂന്ന് വിക്കറ്റും മിച്ചൽ മാർഷ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. സ്മിത്തും ഡേവിഡ് വാർണറും അടക്കം എട്ട് ബൗളർമാരെ ഓസ്ട്രേലിയ മത്സരത്തിൽ പരീക്ഷിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 71 പന്തിൽ 77 റൺസ് നേടിയ ഗ്ലെൻ മാക്‌സ്വെൽ, 50 റൺസ് നേടിയ കാമറോൺ ഗ്രീൻ, 30 പന്തിൽ 48 റൺസ് നേടിയ ജോഷ് ഇൻഗ്ലീഷ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. ഒക്ടോബർ എട്ടിന് ഇന്ത്യയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം.