Skip to content

മഴ ചതിച്ചു !! സന്നാഹങ്ങൾ ഇല്ലാതെ ഇന്ത്യ ലോകകപ്പിലേക്ക്

ഇക്കുറി ഐസിസി ഏകദിന ലോകകപ്പിനായി ആതിഥേയരായ ഇന്ത്യ എത്തുന്നത് സന്നാഹ മത്സരങ്ങൾ കളിക്കാതെ. തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന നെതർലൻഡ്സിനെതിരായ മത്സരവും മഴമൂലം ഉപേക്ഷിച്ചതോടെയാണ് ലോകകപ്പിന് മുൻപ് പരീക്ഷണങ്ങൾ നടത്തുവാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായത്.

ടോസ് പോലും ഇടാനാകാതെ നെതർലൻഡ്സിനെതിരായ മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. കേരളത്തിൽ മറ്റു ജില്ലകളിൽ മഴ കുറഞ്ഞുവെങ്കിലും തെക്കൻ ജില്ലകളിൽ മഴ ശമിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന ഒരേയൊരു മത്സരത്തിൽ മാത്രമാണ് റിസൽട്ട് ഉണ്ടായത്. രണ്ട് മത്സരങ്ങൾ പൂർണമായും ഉപേക്ഷിച്ചപ്പോൾ നെതർലൻഡ്സ് ഓസ്ട്രേലിയ മത്സരം പാതിയെങ്കിലും നടത്തുവാൻ സാധിച്ചു.

നേരത്തെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരവും മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. പരീക്ഷണങ്ങൾ നടത്തുവാനുള്ള അവസരമാണ് ഇതോടെ ഇന്ത്യയ്ക്ക് നഷ്ടമായിരുക്കുന്നത്. ഏഷ്യ കപ്പിന് ശേഷം ഒരേയൊരു മത്സരത്തിൽ മാത്രമാണ് കോഹ്ലിയും രോഹിത് ശർമ്മയും കളിച്ചത്. മറുഭാഗത്ത് ഹാർദിക്ക് പാണ്ഡ്യയും കുൽദീപ് യാദവും ഏഷ്യ കപ്പിന് ശേഷം നേരിട്ട് ലോകകപ്പ് കളിക്കേണ്ടതായി വരും.

ഒക്ടോബർ ഏഴിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏകദിന പരമ്പരയിൽ കംഗാരുക്കളെ പരാജയപെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നത്.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം ; രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മൊഹമ്മദ്ഷാമി, മുഹമ്മദ് സിറാജ്.