Skip to content

നേപ്പാളിനെതിരായ സെഞ്ചുറി ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി യശസ്വി ജയ്സ്വാൾ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ ക്വാർട്ടർ ഫൈനലിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി കുറിച്ച താരത്തിൻ്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടി വിജയം കുറിച്ചത്. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ജയ്സ്വാൾ.

48 പന്തിൽ സെഞ്ചുറി നേടിയ ജയ്സ്വാൾ 8 ഫോറും 7 സിക്സും അടിച്ചുകൂട്ടിയിരുന്നു. മത്സരത്തിലെ ഈ സെഞ്ചുറിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് ജയ്സ്വാൾ സ്വന്തം പേരിലാക്കി. 23 ആം വയസ്സിൽ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിനെയാണ് തൻ്റെ ഇരുപത്തിയൊന്നാം വയസ്സിൽ സെഞ്ചുറി നേടികൊണ്ട് ഗിൽ പിന്നിലാക്കിയത്.

അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടുന്ന എട്ടാമത്തെ ഇന്ത്യൻ താരം കൂടിയാണ് ജയ്സ്വാൾ. സുരേഷ് റെയ്ന, രോഹിത് ശർമ്മ, കെ എൽ രാഹുൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരാണ് ഇതിന് മുൻപ് ഇന്ത്യയ്ക്കായി ഈ ഫോർമാറ്റിൽ സെഞ്ചുറി നേടിയിട്ടുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ നേപ്പാളിനെ 23 റൺസിന് പരാജയപെടുത്തിയ ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടി. ഇന്ത്യ ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നേപ്പാളിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടാനെ സാധിച്ചുള്ളൂ.