Skip to content

ഇനി ലോകകപ്പിൽ തരാം !! സന്നാഹത്തിൽ ശ്രീലങ്കയെ തകർത്തുവിട്ട് അഫ്ഗാനിസ്ഥാൻ

ഏഷ്യ കപ്പിലെ തോൽവിയ്ക്ക് സന്നാഹ മത്സരത്തിൽ തന്നെ പകരം ചോദിച്ച് അഫ്ഗാനിസ്ഥാൻ. ഗുവാഹത്തിയിൽ നടന്ന ലോകകപ്പിലെ അവസാന സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏകപക്ഷീയ വിജയം നേടികൊണ്ടാണ് വലിയ മുന്നറിയിപ്പ് അഫ്ഗാൻ നൽകിയിരിക്കുന്നത്. 6 വിക്കറ്റിനായിരുന്നു മത്സരത്തിൽ അഫ്ഗാൻ്റെ വിജയം.

മഴമൂലം 42 ഓവറിൽ 257 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ 38.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു. 92 പന്തിൽ 8 ഫോറും 9 സിക്സും ഉൾപ്പടെ 119 റൺസ് നേടിയ റഹ്മനുള്ള ഗുർബാസ്, 82 പന്തിൽ 93 റൺസ് നേടിയ റഹ്മത്ത് ഷാ എന്നിവരാണ് അഫ്ഗാന് അനായാസ വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 46.2 ഓവറിൽ 294 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 87 പന്തിൽ 19 ഫോറും 9 സിക്സും ഉൾപ്പടെ 158 റൺസ് നേടിയ കുശാൽ മെൻഡിസ് മാത്രമാണ് ശ്രീലങ്കയ്ക്കായി തിളങ്ങിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മൊഹമ്മദ് നബി എട്ടോവറിൽ 44 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടി.

ഒക്ടോബർ ഏഴിന് ധർമ്മശാലയിൽ ബംഗ്ളാദേശിനെതിരെയാണ് അഫ്ഗാനിസ്ഥാൻ്റെ ആദ്യ മത്സരം. അന്നേ ദിവസം ഡൽഹിയിൽ സൗത്താഫ്രിക്കയുമായി ശ്രീലങ്ക ഏറ്റുമുട്ടും.