Skip to content

ഓസ്ട്രേലിയക്ക് മാത്രമേ അതിന് സാധിച്ചിട്ടുള്ളൂ ! കുറ്റപെടുത്തുന്നതിൽ കാര്യമില്ല : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പ് നാളെ അഹമ്മദാബാദിൽ ആരംഭിക്കുകയാണ്. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇക്കുറിയും വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ എത്തുന്നത്. 10 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത്. ഐസിസി ട്രോഫിയ്ക്ക് വേണ്ടിയുള്ള ഈ നീണ്ട കാത്തിരിപ്പിൽ ടീമിനെ കുറ്റം പറയാനാകില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രോഹിത് ശർമ്മ.

ഇതിന് മുൻപ് 2013 ൽ എം എസ് ധോണിയുടെ കീഴിലാണ് ഇന്ത്യ അവസാനമായി ഐസിസി ട്രോഫി നേടിയത്. അതിന് ശേഷം നാല് ടി20 ലോകകപ്പും രണ്ട് ഏകദിന ലോകകപ്പും ഒരു ചാമ്പ്യൻസ് ട്രോഫിയും രണ്ട് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നടന്നുവെങ്കിലും ഒന്നിലും ചാമ്പ്യന്മാരാകുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഓസ്ട്രേലിയ മൂന്ന് ഐസിസി ട്രോഫികൾ ഈ കാലയളവിൽ നേടിയപ്പോൾ ഇംഗ്ലണ്ട് രണ്ട് തവണയും ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റിൻഡീസ് തുടങ്ങിയ ടീമുകൾ ഓരോ തവണയും ഐസിസി ട്രോഫി ഇക്കാലയാളവിൽ നേടി. ഐസിസി റാങ്കിങിൽ അടക്കം മേധാവിത്വം പുലർത്തിയിട്ടും ഐസിസി ട്രോഫി സ്വന്തമാക്കുവാൻ ഇന്ത്യയ്ക്കായില്ല.

ഐസിസി ടൂർണമെൻ്റുകളിൽ വിജയിക്കാനായില്ല എന്നത് സത്യമാണെന്നും ഇംഗ്ലണ്ട് തന്നെ ഇപ്പോഴാണ് വിജയിച്ചുതുടങ്ങിയതെന്നും 2019 ഏകദിന ലോകകപ്പ് നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അവർക്ക് ലഭിച്ചതെന്നും ഓസ്ട്രേലിയ ഒഴിച്ചുനിർത്തിയാൽ മറ്റൊരു ടീമിനും തന്നെ സ്ഥിരമായി വിജയിക്കാൻ സാധിച്ചിട്ടില്ലയെന്നും 2007 ലോകകപ്പ് നേടിയ ശേഷം 2015 ലോകകപ്പ് വിജയിച്ച അവർ ഇപ്പോൾ ദുബായിൽ നടന്ന ടി20 ലോകകപ്പും നേടിയെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഇന്ത്യ ഇക്കുറി ലോകകപ്പ് നേടുമെന്ന് തനിക്ക് പറയാനാകില്ലയെന്നും ടീം നല്ല നിലയിലാണെന്ന് പ്രതീക്ഷിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.