Skip to content

ഏഷ്യൻ ഗെയിംസ് ! മലേഷ്യയ്‌ക്കെതിരെ തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട് ബംഗ്ലാദേശ്

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് അവസാന ക്വാർട്ടർ ഫൈനലിൽ ബംഗ്ളാദേശിനെ ഞെട്ടിച്ച് മലേഷ്യ. കയ്യെത്തും ദൂരെയാണ് ചരിത്രവിജയം മലേഷ്യയ്ക്ക് നഷ്ടപെട്ടത്. മറുഭാഗത്ത് കഷ്ടിച്ച് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ബംഗ്ലാദേശ്.

മത്സരത്തിൽ ബംഗ്ളാദേശിനെ 116 റൺസിൽ ചുരുക്കികെട്ടി 117 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ മലേഷ്യയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് നേടാനെ സാധിച്ചുള്ളൂ. രണ്ട് റൺസിൻ്റെ വിജയം നേടിയ ബംഗ്ലാദേശ് സെമിയിൽ പ്രവേശിക്കുകയും ചെയ്തു. സെമിയിൽ ഇന്ത്യയാണ് ബംഗ്ളാദേശിൻ്റെ എതിരാളി.

അവസാന രണ്ടോവറിൽ വിജയിക്കാൻ 10 റൺസ് മാത്രമാണ് മലേഷ്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ആ രണ്ടോവറിൽ 7 റൺസ് നേടാൻ മാത്രമെ മലേഷ്യയ്ക്ക് സാധിച്ചുള്ളൂ. ഐസിസി റാങ്കിങിലേക്ക് നോക്കിയാൽ 25 ആം സ്ഥാനത്താണ് മലേഷ്യയുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ സിംഗപ്പൂർ തായ്‌ലൻഡ് എന്നീ ടീമുകളെ പിന്നിലാക്കികൊണ്ടാണ് മലേഷ്യ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.

സെമിഫൈനലിൽ ഇന്ത്യ ബംഗ്ളാദേശിനെ നേരിടുമ്പോൾ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ നേരിടും. വെള്ളിയാഴ്ചയാണ് രണ്ട് സെമി ഫൈനലും നടക്കുന്നത്. ശനിയാഴ്ചയാണ് ഫൈനലും വെങ്കലത്തിന് വേണ്ടിയുള്ള മത്സരവും നടക്കുന്നത്. വനിത ക്രിക്കറ്റിൽ ഫൈനലിൽ ശ്രീലങ്കയെ പരാജയപെടുത്തി ഇന്ത്യ സ്വർണം നേടിയിരുന്നു.