Skip to content

അവനാ അസുഖമാണെന്ന് ആർക്കും അറിയില്ലായിരുന്നു !! അതവൻ്റെ ലോകകപ്പാണ് !! യുവിയെ കുറിച്ച് അശ്വിൻ

2011 ഏകദിന ലോകകപ്പ് ഏതൊരു ഇന്ത്യയ്ക്കാരനും മറക്കാനാകാത്ത അനുഭവമാണ്. 27 വർഷങ്ങളുടെ കാത്തിരിപ്പാണ് ആ ലോകകപ്പിലൂടെ ഇന്ത്യ അവസാനിപ്പിച്ചത്. ഒരോരുത്തരും ആ ലോകകപ്പ് വിജയത്തിൽ പങ്കുവഹിച്ചുവെങ്കിലും ആ ലോകകപ്പിലെ യഥാർത്ഥ ഹീറോ യുവരാജ് സിങ് തന്നെയായിരുന്നു. എതിർടീമുകളോട് മാത്രമല്ല ക്യാൻസറെന്ന മാരകരോഗത്തോടും ആ ലോകകപ്പിൽ യുവി പൊരുതുകയായിരുന്നു.

എന്നാൽ യുവരാജ് സിങ് അസുഖ ബാധിതനായിരുന്നുവെന്ന് ടീമിലെ ഒരാൾ പോലും അറിഞ്ഞിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം അശ്വിൻ. അത് പുറത്തുവന്നപ്പോൾ മറ്റാരെയും പോലെ താനും ഞെട്ടിപോയെന്നും അശ്വിൻ പറഞ്ഞു.

ലോകകപ്പിൽ മത്സരത്തിനിടെയെല്ലാം യുവരാജ് സിങ് വല്ലാതെ ചുമയ്ക്കുമായിരുന്നുവെന്നും അത് കളിയുടെ സമ്മർദ്ദം കൊണ്ടാണെന്നാണ് താൻ കരുതിയിരുന്നുവെന്നും കളിക്കാർക്ക് മാത്രമല്ല ടീമിലെ ആർക്കും തന്നെ ഗുരുതരമായ അസുഖം അവനുണ്ടെന്ന് അറിയുന്നുണ്ടായിരുന്നില്ലെന്നും അശ്വിൻ പറഞ്ഞു. അത് സച്ചിൻ്റെ ലോകകപ്പ് അല്ല യുവരാജ് സിങിൻ്റെ ലോകകപ്പാണെന്ന് പറയുന്നതെന്നാണ് ശരിയെന്നും സച്ചിൻ അതിൽ പ്രധാനപെട്ട പങ്ക് വഹിച്ചുവെന്നും അശ്വിൻ പറഞ്ഞു.

ആ ലോകകപ്പിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികവ് പുലർത്തികൊണ്ടാണ് യുവരാജ് സിങ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 8 ഇന്നിങ്സിൽ നിന്നും 90.50 ശരാശരിയിൽ ഒരു സെഞ്ചുറിയും 4 ഫിഫ്റ്റിയും ഉൾപ്പടെ 362 റൺസും 9 മത്സരങ്ങളിൽ നിന്നും 15 വിക്കറ്റും യുവി നേടിയിരുന്നു. നാലാം നമ്പറിൽ യുവരാജ് വഹിച്ച പങ്ക് പിന്നീടാണ് ഇന്ത്യയ്ക്ക് ബോധ്യപെട്ടത്. മറ്റുള്ളവർക്ക് പകരക്കാരെ കണ്ടുപിടിച്ചിട്ടും നാലാം നമ്പറിൽ ഒരാളെ സ്ഥിരമാക്കുവാൻ ഇന്ത്യയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.