Skip to content

ഇതെന്തൊരു മറിമായം !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ. ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപെടുത്തി ചാമ്പ്യന്മാരായെങ്കിലും ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്കായില്ല.

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയ പരാജയപെട്ടതോടെയാണ് പാകിസ്ഥാൻ റാങ്കിങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തിൽ തോറ്റ് പരമ്പര നഷ്ടമായ ഓസ്ട്രേലിയ റാങ്കിങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സൂപ്പർ ഫോർ ഘട്ടത്തിൽ ബംഗ്ലാദേശിനോട് പരാജയപെട്ടതാണ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്ത് എത്തുവാനുള്ള ഇന്ത്യയുടെ സുവർണാവസരം നഷ്ടപെടുത്തിയത്. ആ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ അന്നേരം തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഉന്ത്യയ്ക്കാകുമായിരുന്നു.

115 റേറ്റിങ് പോയിൻ്റാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഉള്ളത്. എന്നാൽ റാങ്കിങിലെ മറ്റു മാനദന്ധങ്ങൾ കണക്കിലെടുത്താണ് ഒന്നാം സ്ഥാനത്ത് പാകിസ്ഥാൻ എത്തിയത്. ഏകദിനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ടെസ്റ്റിലും ടി20 റാങ്കിങിലും ഒന്നാം സ്ഥാനത്താണ് ഉള്ളത്. ഈ ആഴ്ച്ച തന്നെ ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മികവ് പുലർത്തിയാൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്ത് എത്തുവാൻ ഇന്ത്യയ്ക്കാകും.

ഏഷ്യ കപ്പിലേക്ക് വരുമ്പോൾ ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ ഏകപക്ഷീയമായി പരാജയപെടുത്തിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇന്ത്യയുടെ എട്ടാം ഏഷ്യ കപ്പ് കിരീടമാണിത്. ശ്രീലങ്കൻ ആറ് തവണ കിരീടം നേടിയപ്പോൾ വെറും രണ്ട് തവണ മാത്രമാണ് പാകിസ്താൻ ഏഷ്യ കപ്പ് ചാമ്പ്യന്മാരായിട്ടുള്ളത്.