Skip to content

അവരെ എങ്ങനെ മറക്കും !! ഏഷ്യ കപ്പിലെ ഹീറോസിന് വമ്പൻ സമ്മാനവുമായി ജയ് ഷാ

ആവേശവും വിവാദങ്ങളും നിരാശയുമെല്ലാം നിറഞ്ഞ ഏഷ്യ കപ്പിന് കൊളംബോയിൽ വിരാമമായിരിക്കുകയാണ്. ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ തങ്ങളുടെ എട്ടാം എഷ്യ കപ്പ് കിരീടം നേടിയത്. ടൂർണമെൻ്റിൽ ആരാധകരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിൽ കൂടിയും ഇപ്പോഴിതാ ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.

ഈ ഏഷ്യ കപ്പിൻ്റെ നടത്തിപ്പ് ഒരിക്കലും സുഗുമമായിരുന്നില്ല. ഒരു ഘട്ടത്തിൽ ഏഷ്യ കപ്പ് നടക്കുകയില്ലെന്ന ഘട്ടത്തിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. പിന്നീട് കൂടുതൽ ചർച്ചകൾ നടന്നതോടെയാണ് പാകിസ്ഥാൻ ബോർഡ് മുൻപോട്ട് വെച്ച ഹൈബ്രിഡ് മോഡലിൽ ഏഷ്യ കപ്പ് നടത്തുവാൻ തീരുമാനിച്ചത്.

പാകിസ്ഥാനിലെ നാല് മത്സരങ്ങൾ തടസ്സങ്ങൾ കൂടാതെ നടന്നപ്പോൾ ശ്രീലങ്കയിൽ നടന്ന മത്സരങ്ങളിൽ മഴ വില്ലനായി രംഗ പ്രവേശം ചെയ്യുകയായിരുന്നു. ടൂർണമെൻ്റിൻ്റെ പ്രധാന ഹൈലൈറ്റായ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം ഇന്ത്യൻ ഇന്നിങ്സിന് ശേഷം മഴമൂലം ഉപേക്ഷിക്കേണ്ടതായി വന്നു. സൂപ്പർ ഫോർ പോരാട്ടത്തിലാകട്ടെ മഴ കടുത്ത ഭീഷണി തന്നെ ഉയർത്തി. ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന് മാത്രമാണ് റിസർവ് ഡേ അനുവദിച്ചതും വലിയ വിമർശനങ്ങളിലേക്ക് വഴിവെച്ചു. റിസർവ് ഡേയിലാണ് ഇന്ത്യ പാക് സൂപ്പർ ഫോർ മത്സരം പൂർത്തീകരിച്ചത്.

ഈ വെല്ലുവിളികൾ എല്ലാം മറികടന്ന് ടൂർണമെൻ്റ് പൂർത്തിയാക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ സഹായിച്ചത് ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫുകൾ തന്നെയാണ്. ആധുനിക മേഷീനുകൾക്ക് പോലും സാധിക്കാത്ത ജോലിയാണ് ചുരുങ്ങിയ സമയം കൊണ്ട് ഗ്രൗണ്ട് സ്റ്റാഫുകൾ പൂർത്തിയാക്കിയിരുന്നത്. ഔട്ട് ഫീൽഡിനെയും സംരക്ഷിക്കാൻ മഴ എത്തുമ്പോൾ ഗ്രൗണ്ട് പൂർണമായും ഗ്രൗണ്ട് സ്റ്റാഫുകൾ മൂടിയിരുന്നു. മേഷീനുകൾ ഉപയോഗിച്ചാൽ മണിക്കൂറുകൾ വേണ്ടിവരുന്ന ജോലിയാണ് ഒരു കൂട്ടം തൊഴിലാളികളുടെ പ്രയത്നത്താൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സാധ്യമായത്.

ടൂർണമെൻ്റിലെ ഈ യഥാർത്ഥ ഹീറോസിനെ മറക്കുവാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തയ്യാറായില്ല. 50000 ഡോളറിൻ്റെ സമ്മാനതുകയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ ജയ് ഷാ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നല്കിയത്. ഇന്ത്യൻ രൂപ 40 ലക്ഷത്തിന് മേലെയാണ് ജയ് ഷാ മുൻകൈ എടുത്തുകൊണ്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ചത്.

ഫൈനലിൽ നിന്നും തനിക്ക് ലഭിച്ച സമ്മാനതുക ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജും ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ചിരുന്നു.