Skip to content

ഏഷ്യ കപ്പ് വിജയം !! ഇന്ത്യയെ പ്രശംസിച്ച് നരേന്ദ്ര മോദിയും പിണറായി വിജയനും

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുതരിപ്പണമാക്കികൊണ്ട് ഏഷ്യ കപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. വിജയത്തിന് പുറകെ രാജ്യത്തിൻ്റെ നാണാകോണിൽ നിന്നും രോഹിത് ശർമ്മയും കൂട്ടരും പ്രശംസ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ടീമിനെ പ്രശംസകൾ അറിയിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

10 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ നേടിയത്. മൊഹമ്മദ് സിറാജിൻ്റെ അതിഗംഭീര ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും 50 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 51 റൺസിൻ്റെ വിജയലക്ഷ്യം വിക്കറ്റ് ഒന്നും നഷ്ടപെടാതെ വെറും 6.1 ഓവറിൽ മറികടന്നു.

ശേഷിച്ച പന്തുകളുടെ അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ഫേസ്ബുക്കിലൂടെയാണ് കേരള മുഖ്യമന്ത്രി ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചത്.

” ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ. ശക്തരായ ശ്രീലങ്കൻ ടീമിനെ കുറഞ്ഞ റണ്ണിൽ പിടിച്ചുകെട്ടി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യൻ ടീം ഈ വലിയ വിജയം നേടിയിരിക്കുന്നത്. ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്. ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ” ഫേസ്ബുക്കിൽ മുഖ്യമന്ത്രി പങ്കുവെച്ചു.

മറുഭാഗത്ത് ഇന്ന് തൻ്റെ ജന്മദിനം ആഘോഷിക്കുന്ന മോദി ഔദ്യോഗിക X അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ ടീമിനെ പ്രശംസിച്ചത്.

” ഇന്ത്യൻ ടീം നന്നായി കളിച്ചു. ഏഷ്യ കപ്പ് നേടിയതിന് അഭിനന്ദനങ്ങൾ. ടൂർണമെൻ്റിൽ നമ്മുടെ താരങ്ങൾ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ” പ്രധാനമന്ത്രി കുറിച്ചു.