Skip to content

ലോകകപ്പിൽ ആ താരവും !! നിർണായക സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാംപ്യന്മാരായി വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ടീം ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഏഷ്യ കപ്പ് വിജയത്തിന് സൂപ്പർതാരത്തെ ലോകകപ്പിൽ പരിഗണിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിന് മുൻപേ ഓൾ റൗണ്ടർ അക്ഷർ പട്ടേലിന് പരിക്ക് പറ്റിയത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. താരത്തിൻ്റെ പരിക്ക് ഭേദപെടാൻ രണ്ടാഴ്ചത്തെ സമയം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അക്ഷറിന് പകരക്കാരനായി എത്തിയ വാഷിങ്ടൺ സുന്ദറിനെ നേരിട്ട് ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

അക്ഷറിന് പരിക്ക് പറ്റിയതിനാൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങാനാകുന്ന സ്പിന്നർമാരെ ലോകകപ്പിലേക്ക് പരിഗണിച്ചേക്കുമെന്ന സൂചന മത്സരശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകി. അക്ഷറിൻ്റെ പരിക്കിന് ശേഷം സീനിയർ താരം രവിചന്ദ്രൻ അശ്വിനുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും അശ്വിനൊപ്പം വാഷിങ്ടൺ സുന്ദറിനെയും പരിഗണിക്കുന്നുണ്ടെന്നും ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ജോലി നിർവഹിക്കാനാകുന്ന താരങ്ങളെ ആവശ്യമാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

പരിക്ക് മൂലം ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ അക്ഷർ പട്ടേൽ കളിക്കില്ല. മറുഭാഗത്ത് ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മാത്രം കളിച്ച ശ്രേയസ് അയ്യർ 99 ശതമാനവും തയ്യാറായെന്നും ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ അയ്യർ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.