Skip to content

ഇത് മിയാൻ മാജിക്ക് !! 33 വർഷം നീണ്ട ആ റെക്കോർഡ് പഴങ്കഥയാക്കി മൊഹമ്മദ് സിറാജ്

ഇന്ത്യൻ ആരാധകർക്ക് ഒരിക്കലും മറക്കാമാകാത്ത പ്രകടനമാണ് ഏഷ്യ കപ്പ് ഫൈനലിൽ മൊഹമ്മദ് സിറാജ് ഇന്ത്യയ്ക്കെതിരെ കാഴ്ച്ചവെച്ചത്. മത്സരത്തിലെ നാലാം ഓവറിൽ നാല് വിക്കറ്റ് നേടികൊണ്ട് ഇന്ത്യൻ വിജയം ഏറെക്കുറെ ഉറപ്പിക്കാൻ സിറാജിന് സാധിച്ചിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ നിരവധി റെക്കോർഡുകൾ സിറാജ് നേടി. അതിലൊന്ന് പാക് ഇതിഹാസ താരത്തിൻ്റെ 33 വർഷം നീണ്ട റെക്കോർഡാണ്.

ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചുകൊണ്ട് കിരീടം ചൂടിയ മത്സരത്തിൽ 7 ഓവറിൽ 21 റൺസ് വഴങ്ങികൊണ്ട് 6 വിക്കറ്റുകൾ സിറാജ് നേടിയിരുന്നു. ഏഷ്യ കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണ് താരം നേടിയത്. അതിനൊപ്പമാണ് 33 വർഷം നീണ്ടുനിന്ന മറ്റൊരു റെക്കോർഡ് കൂടെ സിറാജ് തകർത്തത്.

ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. 1990 ൽ ഷാർജയിൽ ശ്രീലങ്കയ്ക്കെതിരെ 26 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയ പാക് ഇതിഹാസ താരം വഖാർ യൂനിസിൻ്റെ റെക്കോർഡാണ് സിറാജ് തകർത്തത്.

മത്സരത്തിലെ നാലാം ഓവറിൽ നാല് വിക്കറ്റ് നേടിയതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിൽ നാല് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച നാലാമത്തെ ബൗളിങ് പ്രകടനം കൂടിയാണിത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ 19 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, 1993 ൽ വിൻഡീസിനെതിരെ 12 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ എന്നിവരാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഉള്ളത്. 2014 ൽ ബംഗ്ലാദേശിനെതിരെ 4 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബിന്നിയാണ് ഒന്നാം സ്ഥാനത്തുള്ളത്.