Skip to content

ഇതാണ് തിരിച്ചുവരവ് ! ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലും തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. ഇതോടെ പരമ്പര 3-2 ന് സൗത്താഫ്രിക്ക സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷമാണ് ഗംഭീര തിരിച്ചുവരവിലൂടെ തുടർച്ചയായ മൂന്ന് വിജയം നേടി സൗത്താഫ്രിക്ക പരമ്പര നേടിയത്.

ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിൽ 122 റൺസിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 316 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഓസ്ട്രേലിയക്ക് 34.1 ഓവറിൽ 193 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

56 പന്തിൽ 71 റൺസ് നേടിയ ക്യാപ്റ്റൻ മിച്ചൽ മാർഷും 44 റൺസ് നേടിയ മാർനസ് ലാബുഷെയ്നും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. അഞ്ച്v വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനും നാല് വിക്കറ്റ് നേടിയ കേശവ് മഹാരാജുമാന് സൗത്താഫ്രിക്കയ്ക്കായി തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 87 പന്തിൽ 9 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 93 റൺസ് നേടിയ ഐയ്ഡൻ മാർക്രം, 63 റൺസ് നേടിയ ഡേവിഡ് മില്ലർ, 23 പന്തിൽ 47 റൺസ് നേടിയ മാർക്കോ യാൻസൻ, 19 പന്തിൽ 39 റൺസ് നേടിയ പെഹ്ലുകായോ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഓസ്ട്രേലിയക്കായി അബോട്ട് രണ്ട് വിക്കറ്റും ആഡം സാംപ മൂന്ന് വിക്കറ്റും നേടി. ഏകദിന പരമ്പരയ്ക്ക് മുൻപായി നടന്ന ടി20 പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു. ഇനി ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിലേക്ക് തിരിക്കും. ഈ മാസം 22 നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.