Skip to content

തകർപ്പൻ പ്രകടനത്തിന് ലഭിച്ച സമ്മാനതുക യഥാർത്ഥ ഹീറോസിന് സമ്മാനിച്ച് മൊഹമ്മദ് സിറാജ്

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുകൊണ്ട് ഏഷ്യ കപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. മൊഹമ്മദ് സിറാജിൻ്റെ തകർപ്പൻ ബൗളിംഗ് മികവിലാണ് മത്സരത്തിൽ ഏകപക്ഷീയ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തിൽ ലഭിച്ച സമ്മാനതുക യഥാർത്ഥ ഹീറോസിന് കൈമാറി കയ്യടി നേടിയിരിക്കുകയാണ് ഇന്ത്യൻ പേസർ.

ഈ ഏഷ്യ കപ്പ് തുടക്കം മുതൽ തന്നെ പ്രശ്നങ്ങൾ നേരിട്ടിരുന്നു. പാകിസ്ഥാൻ ആതിഥേയരായ ഈ ഏഷ്യ കപ്പ് നിരവധി ചർച്ചകൾക്ക് ശേഷമാണ് ഒടുവിൽ ഹൈബ്രിഡ് മോഡലിൽ ഇന്ത്യയിലും പാകിസ്ഥാനിലുമായി നടത്തുവാൻ എ സി സി തീരുമാനിച്ചത്. എന്നാൽ പിന്നീട് ഏഷ്യ കപ്പ് ആരംഭിച്ചപ്പോൾ വില്ലനായി എത്തിയത് ശ്രീലങ്കയിലെ കാലാവസ്ഥയായിരുന്നു. ഇന്ത്യ പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ വലിയ വിമർശനങ്ങൾ എഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏറ്റുവാങ്ങി.

മഴ ദയ കാണിക്കാതെയിരുന്നപ്പോൾ രക്ഷയായത് ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫുകളുടെ പ്രവർത്തനമായിരുന്നു. മത്സരത്തിനിടെ മഴ തടസ്സമായി എത്തിയാൽ നിമിഷ നേരം കൊണ്ട് ഗ്രൗണ്ട് മുഴുവനായും മൂടുവാനും മഴ മാറിയ ഉടനെ മത്സരം അതിവേഗം ആരംഭിക്കാനും ഗ്രൗണ്ട് സ്റ്റാഫുകളുടെ പ്രവർത്തനം മൂലം നടന്നു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമുള്ള മെഷീൻ സംവിധാനങ്ങളെ പോലും തോൽപ്പിക്കുന്നതായിരുന്നു ഗ്രൗണ്ട് സ്റ്റാഫുകളുടെ പ്രവർത്തനം.

ഫൈനലിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡായി തനിയ്ക്ക് ലഭിച്ച സമ്മാന തുകയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നൽകിയത്. ഇന്ത്യൻ രൂപ 4 ലക്ഷത്തിന് neഗ്രൗണ്ട് സ്റ്റാഫുകളുടെ പ്രവർത്തനം ഇല്ലായിരുന്നുവെങ്കിലും ടൂർണമെൻ്റ് നടത്തുകയെന്നത് സാധ്യമാവുകയില്ലായിരുന്നുവെന്നും സിറാജ് പറഞ്ഞു.

ഇന്ത്യ 10 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 7 ഓവറിൽ 21 റൺസ് വഴങ്ങിയാണ് 6 വിക്കറ്റ് മൊഹമ്മദ് സിറാജ് വീഴ്ത്തിയത്. ഏഷ്യ കപ്പ് ചരിത്രത്തിലെ ഒരു പേസ് ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്.