Skip to content

അതിശക്തം ! ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ നേടിയത് ചരിത്രവിജയം

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ പരാജയപെടുത്തികൊണ്ട് തങ്ങളുടെ എട്ടാം ഏഷ്യ കപ്പ് കിരീടം നേടിയിരിക്കുകയാണ് ഇന്ത്യ. 10 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം കുറിച്ചുകൊണ്ടാണ് ഇന്ത്യ ഏഷ്യ കപ്പ് ചാമ്പ്യന്മാരായത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 51 റൺസിൻ്റെ വിജയലക്ഷ്യം വെറും 6.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇഷാൻ കിഷൻ 18 പന്തിൽ 23 റൺസും ശുഭ്മാൻ ഗിൽ 19 പന്തിൽ 27 റൺസും നേടി ഇന്ത്യക്കായി പുറത്താകാതെ നിന്നു. ബാക്കിവന്ന പന്തുകളുടെ അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

263 പന്തുകൾ ബാക്കിനിൽക്കെയാണ് അനായാസ വിജയം ഇന്ത്യ കുറിച്ചത്. 37 ആം പന്തിൽ തന്നെ മത്സരത്തിൽ വിജയം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ഇതിന് മുൻപ് 2001 ൽ കെനിയക്കെതിരെ 231 പന്തുകൾ ബാക്കിനിൽക്കെ നേടിയ വിജയമായിരുന്നു ചേസിങിൽ ഇന്ത്യ കുറിച്ച ഏറ്റവും വലിയ വിജയം. ഏകദിന ടൂർണമെൻ്റ് ഫൈനലിലെ തന്നെ ഏറ്റവും വലിയ വിജയം കൂടിയാണിത്.

ഈ വർഷം ശ്രീലങ്കയ്ക്കെതിരെ തന്നെ തിരുവനന്തപുരത്ത് 317 റൺസിൻ്റെ കൂറ്റൻ വിജയം ഇന്ത്യ നേടിയിരുന്നു. റൺസിൻ്റെ അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു അന്ന് ഇന്ത്യ നേടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ 7 ഓവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്. ഹാർദിക്ക് പാണ്ഡ്യ 3 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി. മത്സരത്തിൽ മുഴുവനായി വെറും 129 പന്തുകൾ മാത്രമാണ് എറിയേണ്ടി വന്നത്.