Skip to content

ഇത് ലങ്കാദഹനം !! ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ഇന്ത്യ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് തകർത്ത് ചാമ്പ്യന്മാരായി ഇന്ത്യ. കൊളംബോയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം നേടികൊണ്ടാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ഇത് എട്ടാം തവണയാണ് ഏഷ്യ കപ്പ് കിരീടം നേടുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും 50 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 51 റൺസിൻ്റെ വിജയലക്ഷ്യം വിക്കറ്റ് ഒന്നും നഷ്ടപെടാതെ 6.1 ഓവറിൽ മറികടന്നു. ശുഭ്മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷനാണ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്തത്. ഇഷാ കിഷൻ 23 റൺസും ശുഭ്മാൻ ഗിൽ 27 റൺസും നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാൻ തീരുമാനിച്ചത് ശ്രീലങ്കൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തീരുമാനമായി മാറുകയായിരുന്നു. മൊഹമ്മദ് സിറാജ് തീയായി മാറിയപ്പോൾ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ ചാരമായി.

15.2 ഓവറിൽ 50 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി. ഏകദിന ക്രിക്കറ്റിലെ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. വെറും രണ്ട് താരങ്ങൾ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.

7 ഓവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തുതരിപ്പണമാക്കിയത്. മത്സരത്തിലെ നാലാം ഓവറിൽ നാല് വിക്കറ്റുകൾ സിറാജ് വീഴ്ത്തി. ജസ്പ്രീത് ബുംറ ഒരു വിക്കറ്റ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യ മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.