Skip to content

ഒരോവറിൽ നാല് വിക്കറ്റ്!! സിറാജ് സ്വന്തമാക്കിയത് ചരിത്ര റെക്കോർഡ്

അവിസ്മരണീയ റെക്കോർഡാണ് ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. ഏഷ്യ കപ്പിലെ എന്നല്ല ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇന്ന് സിറാജ് പുറത്തെടുത്തത്. ഈ പ്രകടനത്തോടെ ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ് മൊഹമ്മദ് സിറാജ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 15.2 ഓവറിൽ 50 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 17 റൺസ് നേടിയ കുശാൽ മെൻഡിസും 13 റൺസ് നേടിയ ദുശാൻ ഹേമന്തയും മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.

7 ഓവറുകൾ എറിഞ്ഞ സിറാജ് 6 വിക്കറ്റുകളാണ് 21 മാത്രം വഴങ്ങികൊണ്ട് വീഴ്ത്തിയത്. ഏഷ്യ കപ്പ് ചരിത്രത്തിൽ ആറ് വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ് ബൗളറും 6 വിക്കറ്റ് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറും കൂടിയാണ് സിറാജ്. 2008 ൽ ഇന്ത്യയ്ക്കെതിരെ 6 വിക്കറ്റ് നേടിയിട്ടുള്ള അജന്ത മെൻഡിസാണ് ഇതിന് മുൻപ് ഏഷ്യ കപ്പിൽ ഈ നേട്ടം കുറിച്ചിട്ടുള്ളത്. 13 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ മെൻഡിസിൻ്റെ പേരിലാണ് ഏഷ്യ കപ്പിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോർഡും ഉള്ളത്.

മത്സരത്തിലെ നാലാം ഓവറിൽ നാല് വിക്കറ്റുകൾ സിറാജ് വീഴ്ത്തുകയും ചെയ്തിരുന്നു. ഓവറിലെ ആദ്യ പന്തിൽ പാതും നിസങ്കയെ പുറത്താക്കിയ സിറാജ് മൂന്നാം പന്തിൽ സമരവിക്രമയെയും നാലാം പന്തിൽ അസലങ്കയെയും അവസാന പന്തിൽ ദനഞ്ജയ ഡി സിൽവയെയും പുറത്താക്കി. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരോവറിൽ നാല് വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന ചരിത്ര റെക്കോർഡ് സിറാജ് സ്വന്തമാക്കി.