Skip to content

ശ്രീലങ്കയ്ക്കെതിരായ തോൽവി ! ആരോടും പറയാതെ സ്ഥലം കാലിയാക്കി ബാബർ അസം

ഏഷ്യ കപ്പിൽ നിന്നും പുറത്തായതിന് പുറകെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വിവാദം കത്തുന്നു. നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് പരാജയപെട്ടതോടെയാണ് ഫൈനൽ കാണാതെ പാകിസ്ഥാൻ പുറത്തായത്. പുറത്തുനിന്നുള്ള വിമർശനങ്ങൾക്കൊപ്പം താരങ്ങൾ തമ്മിലും തർക്കങ്ങൾ ഉണ്ടായതായാണ് പുറത്തുവരുന്ന വിവരം.

പാകിസ്ഥാൻ മാധ്യമങ്ങളാണ് ഇക്കാര്യങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുന്നത്. ശ്രീലങ്കയ്ക്കെതിരായ തോൽവിയ്ക്ക് ശേഷം പേസർ ഷഹീൻ അഫ്രീദിയും ബാബർ അസമും തമ്മിൽ തർക്കം നടന്നിരുന്നു. കളിക്കാരെ വിമർശിക്കുന്നതിനിടെ ഷഹീൻ ഇടപെട്ടതോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതിന് ശേഷം സഹതാരങ്ങളെ ആരെയും അറിയിക്കാതെ തന്നെ ബാബർ അസം ശ്രീലങ്കയിൽ നിന്നും പാകിസ്ഥാനിലേക്ക് മടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി ഈ ഏഷ്യ കപ്പിൽ കളിക്കാരുടെ പ്രകടനത്തിലെ അമർഷം ബാബർ കളിക്കളത്തിൽ വെച്ചുതന്നെ പ്രകടിപ്പിച്ചിരുന്നു.

ഏഷ്യ കപ്പിൽ നിന്നും പുറത്തായതിൻ്റെ നിരാശയിൽ സംസാരിക്കാൻ പോലും ബാബറിനായില്ലെന്ന് ബാബറിൻ്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. പുറത്തുവരുന്ന വാർത്തകളോട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ലോകകപ്പ് വരാനിരിക്കെ ടീമിനുള്ളിലെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലയെങ്കിൽ അത് പാകിസ്ഥാന് കനത്ത തിരിച്ചടിയാകും.

ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. ഒക്ടോബർ 14 നാണ് ഇന്ത്യയുമായുള്ള പാകിസ്ഥാൻ്റെ മത്സരം.