Skip to content

പരിക്കിൽ വലഞ്ഞ് ഓസ്ട്രേലിയ !! മറ്റൊരു താരത്തിന് കൂടെ പരിക്ക്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഏതൊരു ലോകകപ്പിലെയും പോലെ ഇക്കുറിയും മുൻപന്തിയിൽ ഓസ്ട്രേലിയയുമുണ്ട്. കഴിഞ്ഞ മാസം വരെ യാതൊരു വെല്ലുവിളികൾ ഇല്ലാതെയായിരുന്നു ലോകകപ്പിനുള്ള ഓസീസിൻ്റെ തയ്യാറെടുപ്പ് എന്നാൽ ഏതാനും ആഴ്ചകൾ കൊണ്ട് അക്കാര്യം മാറിമറിഞ്ഞിരിക്കുകയാണ്.

ലോകകപ്പിന് മുൻപേ ടീമിലെ പ്രധാനപെട്ട ആറ് താരങ്ങൾ ഇപ്പോൾ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. ഓപ്പണിങ് ബാറ്റ്സമാൻ ട്രാവിസ് ഹെഡാണ് പരിക്ക് ലിസ്റ്റിലെ പുതിയ അഡ്മിഷൻ. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. പരിക്ക് സാരമായതിനാൽ തന്നെ ഒരുപക്ഷേ ലോകകപ്പ് തന്നെ താരത്തിന് നഷ്ടമാകും.

ഹെഡിനെ കൂടാതെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്, ഓൾ റൗണ്ടർമാരായ കാമറോൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ എന്നിവരും പരിക്കിൻ്റെ പിടിയിലാണ്.

കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, സ്റ്റാർക്ക് എന്നിവർ ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ തന്നെ ഓസ്ട്രേലിയക്കായി തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുള്ളത്. ഗ്ലെൻ മാക്സ്വെല്ലിന് ഇന്ത്യയ്ക്കെതിരായ പരമ്പര നഷ്ടമാകുമെങ്കിലും ലോകകപ്പിൽ തിരിച്ചെത്താൻ സാധിച്ചേക്കും. എന്നാൽ കാമറോൺ ഗ്രീൻ, ട്രാവിസ് ഹെഡ് എന്നിവരുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ഹെഡ് ഇല്ലെങ്കിൽ ഒരുപക്ഷേ മിച്ചൽ മാർഷിനെ ഓപ്പണറായി ഓസ്ട്രേലിയ ഇറക്കും.

ലോകകപ്പിലേക്ക് വരുമ്പോൾ ഒക്ടോബർ ഏഴിന് ഇന്ത്യയ്ക്കെതിരെ ചെന്നൈ ചെപ്പോക്കിലാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ആറാം കിരീടം ലക്ഷ്യമാക്കിയാണ് ലോകകപ്പിനായി ഓസ്ട്രേലിയ എത്തുന്നത്.