Skip to content

അത് അവസാനിപ്പിക്കുന്ന വരെ അവരുമായി പരമ്പരയില്ല !! നിലപാട് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരകൾ പുനരാരംഭിക്കുമോയെന്ന ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. ഏഷ്യ കപ്പിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് ബിസിസിഐ നേതൃത്വം പാകിസ്ഥാൻ സന്ദർശനം നടത്തിയതോടെയാണ് പരമ്പരകൾ പുനരാരംഭിക്കുമോയെന്നതിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.

ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല എന്നിവരാണ് പാകിസ്ഥാൻ സന്ദർശനം നടത്തിയത്. സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ഇരുവരും പാകിസ്ഥാൻ്റെ ആതിഥേയത്വത്തിൽ സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു. പരമ്പരകൾ പുനരാരംഭിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും ബിസിസിഐ പ്രസിഡൻ്റ് പറഞ്ഞിരുന്നു.

ഈ ചർച്ചകൾ സജീവമായിരിക്കെയാണ് മൂന്ന് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ജമ്മു കാശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപെട്ടിരുന്നു. ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസാരിക്കവെയാണ് പരമ്പരകൾ പുനരാരംഭിക്കുന്നതിൽ നിലപാട് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കിയത്.

തീവ്രവാദവും അതിർത്തി കടന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും പാകിസ്ഥാൻ അവസാനിപ്പിക്കുന്നത് വരെ പാകിസ്ഥാനുമായി പരമ്പരകൾ വേണ്ടെന്ന നിലപാട് ബിസിസിഐ നേരത്തെ എടുത്തിരുന്നതാണെന്നും അതിൽ മാറ്റമില്ലാതെ തുടരുമെന്നും രാജ്യത്തിൻ്റെയും പൊതുജനങ്ങളുടെയും വികാരവും സമാനമാണെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

2013 ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. പിന്നീട് ഐസിസി ഏഷ്യൻ ക്രിക്കറ്റ് കൺസിൽ ടൂർണമെൻ്റുകളിൽ മാത്രമാണ് പാകിസ്താനെതിരെ ഇന്ത്യ കളിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ പരമ്പരകൾ ബിസിസിഐയേക്കാൾ ഉപരി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് ആഗ്രഹിക്കുന്നത്. പാകിസ്ഥാനെതിരായ പരമ്പരകൾ ഇല്ലാതെ തന്നെ വലിയ വരുമാനം ബിസിസിഐയ്ക്ക് ലഭിക്കുന്നുണ്ട്. ഏഷ്യ കപ്പിലൂടെ ലഭിക്കുന്ന വരുമാനമാകട്ടെ ബിസിസിഐ വേണ്ടെന്ന് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.