Skip to content

ഷഹീൻ്റെ മികവിൽ പാകിസ്ഥാൻ്റെ തിരിച്ചുവരവ് ! മനോവീര്യം കൈവിടാതെ അസലങ്ക ! ശ്രീലങ്ക വിജയം കുറിച്ചത് ഇങ്ങനെ

ആവേശപോരാട്ടത്തിൽ പാകിസ്ഥാനെ തകർത്തുകൊണ്ട് ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ശ്രീലങ്ക. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം.

മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 252 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ശ്രീലങ്ക ഇറങ്ങിയത്. 87 പന്തിൽ 91 റൺസ് നേടിയ കുശാൽ മെൻഡിസും 48 റൺസ് നേടിയ സമരവിക്രമയും തിളങ്ങിയപ്പോൾ ശ്രീലങ്ക അനായാസം വിജയം നേടുമെന്നാണ് പ്രതീക്ഷിച്ചത്.

എന്നാൽ അവസാന ഓവറുകളിൽ മികച്ച തിരിച്ചുവരവ് പാകിസ്ഥാൻ നടത്തുകയായിരുന്നു. അവസാന രണ്ടോവറിൽ വെറും 12 റൺസ് മാത്രമായിരുന്നു ശ്രീലങ്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ഷഹീൻ അഫ്രീദി എറിഞ്ഞ 41 ആം ഓവറിലൂടെ പാകിസ്ഥാൻ അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓവറിലെ ആദ്യ മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രം വഴങ്ങിയ ഷഹീൻ അഫ്രീദി നാലാം പന്തിൽ ധനഞ്ജയ ഡി സിൽവയെയും തൊട്ടടുത്ത പന്തിൽ വെല്ലാലഗെയും പുറത്താക്കി പാകിസ്ഥാന് പ്രതീക്ഷ നൽകി. ആ ഓവറിൽ 4 റൺസ് മാത്രമാണ് ഷഹീൻ വഴങ്ങിയത്.

അവസാന ഓവറിൽ എട്ട് റൺസ് വേണമെന്നിരിക്കെ പന്തെറിയാൻ എത്തിയ അരങ്ങേറ്റക്കാരൻ സമാൻ ഖാനും വിട്ടുകൊടുത്തില്ല. ആദ്യ നാല് പന്തിൽ വെറും 4 റൺസ് മാത്രമാണ് താരം വഴങ്ങിയത്. എന്നാൽ അഞ്ചാം പന്തിൽ അസലങ്കയുടെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് തേർഡ് മാനിലേക്ക് പോയതോടെ പാകിസ്ഥാൻ്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. പിന്നാലെ അവസാന പന്തിൽ മനോവീര്യം കൈവിടാതെ രണ്ട് റൺ നേടികൊണ്ട് അസലങ്ക ടീമിനെ വിജയത്തിലെത്തിച്ചു. 47 പന്തിൽ പുറത്താകാതെ 49 റൺസ് അസലങ്ക നേടിയിരുന്നു.

ഇത് പന്ത്രണ്ടാം തവണയാണ് ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇന്ത്യ 10 തവണയും പാകിസ്ഥാൻ അഞ്ച് തവണയും ബംഗ്ലാദേശ് മൂന്ന് തവണയും ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.