Skip to content

പാകിസ്ഥാൻ പുറത്ത് ! ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം ഇന്ത്യയും ശ്രീലങ്കയും തമ്മിൽ

ഏഷ്യ കപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ പാകിസ്ഥാനെ പരാജയപെടുത്തികൊണ്ടാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. മഴ തടസ്സപെടുത്തിയിട്ടും അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം.

മത്സരത്തിൽ 253 റൺസിൻ്റെ വിജയലക്ഷ്യം നിശ്ചിത ഓവറിലെ അവസാന പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. 87 പന്തിൽ 8 ഫോറും ഒരു സിക്സും ഉൾപ്പടെ 91 റൺസ് നേടിയ കുശാൽ മെൻഡിസാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. സദ്ദീര സമരവിക്രമ 51 പന്തിൽ 48 റൺസ് നേടിയപ്പോൾ 47 പന്തിൽ 49 റൺസ് നേടി പുറത്താകാതെ നിന്ന അസലങ്കയാണ് അവസാന പന്തിൽ ശ്രീലങ്കൻ വിജയം ഉറപ്പിച്ചത്.

മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് നേടിയിരുന്നു. 73 പന്തിൽ 6 ഫോറും രണ്ട് സിക്സും അടക്കം 86 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ്റെ മികവിലാണ് മികച്ച സ്കോർ പാകിസ്ഥാൻ നേടിയത്. അബ്ദുല്ല ഷഫീഖ് 52 റൺസും ഇഫ്തിഖാർ അഹമ്മദ് 40 പന്തിൽ 47 റൺസും നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി മതീശ പതിരാന മൂന്ന് വിക്കറ്റും പ്രമോദ് മധുശാൻ രണ്ട് വിക്കറ്റും നേടി. നാളെ നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ച്ചയാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.