Skip to content

കോഹ്ലി – ബാബർ താരതമ്യം വെറുതെയോ !! മുൻപിലുള്ളത് ആ താരമെന്ന് മാത്യൂ ഹെയ്ഡൻ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. മറ്റുള്ളവർക്ക് എത്തിപിടിക്കാൻ പോലും അസാധ്യമായ റെക്കോർഡുകൾ ഇതിനോടകം കിങ് കോഹ്ലി നേടിയിട്ടുണ്ട്. എന്നാൽ കോഹ്ലിയുടെ റെക്കോർഡുകൾക്ക് വെല്ലുവിളി ഉയർത്തുന്ന പ്രകടനമാണ് പാക് ക്യാപ്റ്റൻ ബാബർ അസമും കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ ഒരുപോലെ സ്ഥിരത പുലർത്തുന്ന താരമാണ് ബാബർ അസം. ഐസിസി റാങ്കിങിൽ തന്നെ നോക്കിയാൽ മൂന്ന് ഫോർമാറ്റിലും ആദ്യ അഞ്ചിൽ എന്നല്ല ആദ്യ പത്തിൽ തന്നെയുള്ള ഒരേയൊരു ബാറ്റ്സ്മാൻ കൂടിയാണ് ബാബർ. എന്നാൽ ഇന്ത്യ പാക് മത്സരങ്ങളിലേക്ക് നോക്കിയാൽ ഒരിക്കലും തൻ്റെ പ്രകടനം കൊണ്ട് കോഹ്ലിയെ പിന്നിലാക്കാൻ ബാബറിന് സാധിച്ചിട്ടില്ല.

അവസാനമായി ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലും അതാവർത്തിക്കുകയും ചെയ്തു. എന്നിരുന്നാലും ഈ പ്രായത്തിലെ പ്രകടനം വെച്ചുനോക്കിയാൽ കോഹ്ലിയേക്കാൾ കേമൻ ബാബർ തന്നെയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡൻ.

” ബാബർ അസം ഒരു ചാമ്പ്യനാണ്. ഈ സമയത്തിൽ നിന്നും അവൻ തിരിച്ചുവരും. കാരണം ചാമ്പ്യന്മാർ അങ്ങനെയാണ്. എന്നാൽ ഒരേ പ്രായത്തിലെ കണക്കുകൾ വെച്ചുനോക്കിയാൽ ബാബർ അസം മുൻപിലാണെന്ന് കാണാൻ കഴിയും. ” മാത്യു ഹെയ്ഡൻ പറഞ്ഞു.

പാകിസ്ഥാൻ്റെ ബാറ്റിങ് ലൈനപ്പ് വെച്ചുനോക്കുമ്പോൾ ബാബർ അസം എന്ന ബാറ്റ്സ്മാൻ്റെ പ്രാധാന്യം വളരെ വലുതാനെന്നും റൺസ് കണ്ടെത്തേണ്ട ചുമതല മുഴുവനും ബാബറിൽ ആണെന്നും ഹെയ്ഡൻ പറഞ്ഞു.

ഏഷ്യ കപ്പിലേക്ക് നോക്കിയാൽ ടോപ് സ്കോറർ കൂടിയാണെങ്കിലും നേപ്പാളിനെതിരായ 152 ഒഴിച്ചുനിർത്തിയാൽ മറ്റു മത്സരങ്ങളിൽ ഒന്നും തന്നെ തിളങ്ങാൻ ബാബറിന് സാധിച്ചിട്ടില്ല.