Skip to content

അവനായിരുന്നു ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളർ : ഗൗതം ഗംഭീർ

തൻ്റെ ക്രിക്കറ്റ് കരിയറിൽ താൻ നേരിട്ട ഏറ്റവും അപകടകാരിയായ ബൗളർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കരിയറിൽ ബ്രെറ്റ് ലീ, മിച്ചൽ ജോൺസൺ, ഷെയ്ൻ ബോണ്ട് തുടങ്ങി നിരവധി മികച്ച ബൗളർമാരെ നേരിട്ടുള്ള ഗംഭീർ മുൻ പാക് പേസറെയാണ് താൻ നേരിട്ട ഏറ്റവും മികച്ച പേസറായി തിരഞ്ഞെടുത്തത്.

മറ്റാരെയുമല്ല റാവൽപിണ്ടി എക്സ്പ്രസ്സ് ഷോയിബ് അക്തറെയാണ് ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി ഗംഭീർ തിരഞ്ഞെടുത്തത്. താൻ നേരിട്ട മറ്റു ബൗളർമാർ ഒന്നും തന്നെ അക്തറിൻ്റെ അരികിൽ പോലും എത്തില്ലെന്നും അഞ്ചോവറിനുള്ളിൽ മത്സരം മാറ്റിമറിക്കാൻ കഴിവുള്ള ബൗളറായിരുന്നു അക്തറെന്നും ഗംഭീർ തുറന്നുപറഞ്ഞു.

” അവനായിരുന്നു ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളർ. ഞാൻ ബ്രെറ്റ് ലീ, ഷെയ്ൻ ബോണ്ട്, മിച്ചൽ ജോൺസൺ എന്നിവർക്കെതിരെ കളിച്ചിട്ടുണ്ട്. പക്ഷേ അവരൊന്നും തന്നെ അവൻ്റെ അരികെ പോലും എത്തില്ല. ഫോമിലാണെങ്കിൽ അഞ്ചോവർ കൊണ്ട് മത്സരം തന്നെ മാറ്റിമറിക്കാൻ അക്തറിന് സാധിക്കും. ” ഗംഭീർ പറഞ്ഞു.

” ഞങ്ങൾ പാകിസ്ഥാനെതിരെ കളിക്കുകയായിരുന്നു. അക്തറിൻ്റെ പന്തുകൾ അതിവേഗത്തിൽ ഉള്ളതായിരുന്നു. ഒരു തവണ അക്തറിൻ്റെ പന്ത് വിക്കറ്റ് കീപ്ലറായ കമ്രാൻ അക്മലിൻ്റെ തലയ്ക്ക് മുകളിലൂടെ ഫോർ പോയി. വിക്കറ്റ് കീപ്പറോട് 30 യാർഡ് സർക്കിളിനരികെ പോയി നിക്കാൻ അക്തർ ആവശ്യപെട്ടു. ഞാൻ സച്ചിനൊപ്പമായിരുന്നു ബാറ്റ് ചെയ്തിരുന്നത്. പന്ത് വിക്കറ്റ് കീപ്പറുടെ കയ്യിൽ പോയാൽ സിംഗിൾ നേടാമെന്ന് സച്ചിൻ പറഞ്ഞു. അക്തർ അത്രത്തോളം വേഗതയേറിയ ബൗളറായിരുന്നു. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.