Skip to content

ആ വീമ്പിനും അവസാനം !! റാങ്കിങിലും പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയോട് പരാജയപെട്ട് ഫൈനൽ കാണാതെ പുറത്തായിരിക്കുകയാണ് പാകിസ്ഥാൻ. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ തുടർച്ചയായ തോൽവിയ്ക്ക് പുറകെ മറ്റൊരു തിരിച്ചടി കൂടെ പാകിസ്ഥാൻ ഏറ്റുവാങ്ങിയിരിക്കുകയാണ്.

ഏഷ്യ കപ്പിന് മുൻപ് അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരിയതോടെ ഏകദിന റാങ്കിങിൽ പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ ഈ സന്തോഷത്തിന് ദിവസങ്ങളുടെ ആയുസ്സ് മാത്രമാണ് ഓസ്ട്രേലിയ നൽകിയത്. ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് ശേഷവും പാകിസ്ഥാൻ രണ്ടാം സ്ഥാനത്ത് തുടർന്നിരുന്നു. എന്നാൽ ഇപ്പോഴിതാ പാക് ആരാധകരുടെ ആ ആശ്വാസവും ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്.

ശ്രീലങ്കയ്ക്കെതിരായ തോൽവിയോടെ ഐസിസി റാങ്കിങിൽ പാകിസ്ഥാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെടുകയും ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ഐസിസി ടെസ്റ്റ് റാങ്കിങിലും ടി20 റാങ്കിങിലും ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മൂന്ന് ഫോർമാറ്റിലും ആദ്യ മൂന്നിലുള്ള ഒരേയൊരു ടീം ഇന്ത്യയാണ്. ഏകദിന റാങ്കിങിലും ഒന്നാമതെത്താൻ കഴിഞ്ഞാൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് ഒരേ. സമയം ഒന്നാം സ്ഥാനം കരസ്ഥമാക്കാം.

അതേ സമയം ഇന്ന് സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ളാദേശിനെ നേരിടും. അപ്രാധാനമായ മത്സരം ആണെങ്കിൽ കൂടിയും ചില പരീക്ഷണങ്ങൾക്ക് മുതിരാനുള്ള അവസരം കൂടിയാണിത്. ബുംറ, ഹാർദിക്ക് പാണ്ഡ്യ അടക്കമുള്ള താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിക്കും. സൂര്യകുമാർ യാദവിനും പ്രസീദ് കൃഷ്ണയ്ക്കും ഇന്ത്യ അവസരം നൽകും.