Skip to content

ബാബറിന് വെല്ലുവിളി !! ഐസിസി റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ താരം

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ബാറ്റ്സ്മാന്മാർ. പാകിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും കാഴ്ച്ചവെച്ച പ്രകടനമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ഗുണകരമായത്.

പാകിസ്ഥാനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവ ഓപ്പണർ ശുഭ്മാൻ ഗിൽ ഏകദിന റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി. സൗത്താഫ്രിക്കൻ താരം റാസി വാൻഡർ ഡസനെ പിന്നിലാക്കികൊണ്ടാണ് ഗിൽ മൂന്നാം സ്ഥാനത്തുനിന്നും രണ്ടാം സ്ഥാനത്തെത്തിയത്.

പാകിസ്ഥാനെതിരായ സെഞ്ചുറിയോടെ വിരാട് കോഹ്ലി എട്ടാം സ്ഥാനത്തെത്തിയപ്പോൾ ഏഷ്യ കപ്പിൽ തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ റാങ്കിങിൽ ഒമ്പതാം സ്ഥാനത്തെത്തി. 2019 ന് ശേഷം ഇതാദ്യമായാണ് മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ ആദ്യ പത്തിൽ ഇടം നേടുന്നത്. അന്ന് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പം ശിഖാർ ധവാനാണ് ആദ്യ പത്തിൽ ഉണ്ടായിരുന്നത്.

മറുഭാഗത്ത് ഒന്നാം സ്ഥാനത്തുള്ള ബാബർ ഇപ്പോഴും ബഹുദൂരം മുൻപിലാണ്. രണ്ടാം സ്ഥാനത്തുള്ള ഗില്ലിനേക്കാൾ 104 പോയിൻ്റ് ബാബറിന് കൂടുതലുണ്ട്. എന്നാൽ ബംഗ്ലാദേശിനെതിരെയും ഇന്ത്യയ്ക്കെതിരെയും മോശം പ്രകടനം കാഴ്ച്ചവെച്ച താരത്തിന് 20 പോയിൻ്റ് കുറയുകയും ചെയ്തിട്ടുണ്ട്.

പാകിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച കുൽദീപ് യാദവ് റാങ്കിങിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപെടുത്തി ഏഴാം സ്ഥാനത്തെത്തി. ഒമ്പതാം സ്ഥാനത്തുള്ള മൊഹമ്മദ് സിറാജാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബൗളർ.