Skip to content

ഏഷ്യ കപ്പിലും ഇനി സിക്സർ കിങ് ഹിറ്റ്മാൻ തന്നെ !! പിന്നിലാക്കിയത് ഷാഹിദ് അഫ്രീദിയെ

തുടർച്ചയായ മൂന്നാം ഫിഫ്റ്റി നേടികൊണ്ട് ഏഷ്യ കപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടരുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. നേപ്പാളിനെതിരെയും പാകിസ്ഥാനെതിരെയും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിലും ഫിഫ്റ്റി നേടി. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിൽ തകർപ്പൻ റെക്കോഡ് കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ.

48 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 53 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. ഈ പ്രകടനത്തോടെ ഈ ഏഷ്യ കപ്പിലെ ലീഡിങ് റൺ സ്കോററായി രോഹിത് ശർമ്മ മാറുകയും ചെയ്തു. മത്സരത്തിൽ നേടിയ രണ്ട് സിക്സോടെ ഏഷ്യ കപ്പിൽ സിക്സുകളുടെ എണ്ണത്തിൽ തകർപ്പൻ റെക്കോർഡും ഹിറ്റ്മാൻ സ്വന്തമാക്കി.

മത്സരത്തിൽ നേടിയ രണ്ട് സിക്സുകളോടെ ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി. ഇതിനോടകം 28 സിക്സ് ഏഷ്യ കപ്പിൽ രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 26 സിക്സ് നേടിയിട്ടുള്ള മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെയാണ് ഹിറ്റ്മാൻ പിന്നിലാക്കിയത്. 23 സിക്സ് നേടിയ സനത് ജയസൂര്യ, 18 സിക്സ് നേടിയ സുരേഷ് റെയ്ന എന്നിവരാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനായി മാറുവാൻ ഇനി 9 സിക്സ് മാത്രമാണ് രോഹിത് ശർമ്മയ്ക്ക് വേണ്ടത്. 447 മത്സരങ്ങളിൽ ഇതിനോടകം 545 സിക്സ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്. 553 സിക്സ് നേടിയ ക്രിസ് ഗെയ്ലാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.