Skip to content

ഇതാര് മെൻഡിസിൻ്റെ അനിയനോ !! ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്ത് ശ്രീലങ്കൻ യുവ സ്പിന്നർ

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നേടിയ ഗംഭീര വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ എത്തിയ ഇന്ത്യൻ ബാറ്റിങ് നിര ദുനിത് വെല്ലാലഗെയെന്ന യുവ സ്പിന്നർക്ക് മുൻപിൽ അടിപതറുകയായിരുന്നു.

പരിചയസമ്പന്നമായ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് യുവതാരത്തിൻ്റെ പന്തുകൾക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 10 ഓവറിൽ 40 റൺസ് വഴങ്ങികൊണ്ട് അഞ്ച് വിക്കറ്റുകൾ വെല്ലാലഗെ വീഴ്ത്തി.

48 പന്തിൽ 53 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, 19 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 3 റൺസ് നേടിയ വിരാട് കോഹ്ലി, 39 റൺസ് നേടിയ കെ എൽ രാഹുൽ, 5 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യ എന്നിവരെയാണ് വെല്ലാലഗെ പുറത്താക്കിയത്.

ഇരുപതുകാരനായ താരം ശ്രീലങ്കയ്ക്കായി അണ്ടർ 19 ലോകകപ്പിൽ കളിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലെ താരത്തിൻ്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇന്ത്യയ്ക്കെതിരെ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ശ്രീലങ്കൻ സ്പിന്നർ കൂടിയാണ് വെല്ലാലഗെ. മുത്തയ്യ മുരളീധരൻ, അജന്ത മെൻഡിസ്, ദനഞ്ജയ ഡി സിൽവ എന്നിവരാണ് ഇതിന് മുൻപ് ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ശ്രീലങ്കൻ സ്പിന്നർമാർ.