Skip to content

മത്സരത്തിന് അഞ്ച് മിനിറ്റ് മുൻപാണ് ഞാൻ അക്കാര്യം അറിഞ്ഞത് !! തിരിച്ചുവരവിനെ കുറിച്ച് കെ എൽ രാഹുൽ

ക്രിക്കറ്റ് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് പാകിസ്ഥാനെതിരെ സെഞ്ചുറി നേടികൊണ്ട് ഗംഭീരമാക്കിയിരിക്കുകയാണ് കെ എൽ രാഹുൽ. ഇഷാൻ കിഷൻ്റെ മികച്ച പ്രകടനത്തോടെ കെ എൽ രാഹുൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തില്ലയെന്നാണ് ഭൂരിഭാഗം പേരും കരുതിയിരുന്നത്. ഇപ്പോഴിതാ കെ എൽ രാഹുൽ തന്നെ പ്ലേയിങ് ഇലവനിൽ താൻ ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്.

ശ്രേയസ് അയ്യർക്ക് നടുവിന് അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്നാണ് കെ എൽ രാഹുലിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. മത്സരം ആരംഭിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപാണ് പ്ലേയിങ് ഇലവനിൽ താൻ ഉണ്ടെന്ന കാരൃം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് തന്നോട് പറഞ്ഞതെന്ന് മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.

” ടോസിന് അഞ്ച് മിനിറ്റ് മുൻപാണ് ഞാൻ കളിക്കുന്നുവെന്ന കാരൃം രാഹുൽ ദ്രാവിഡ് എന്നോട് പറഞ്ഞത്. ഞാൻ ഒന്നും തന്നെ കൂടെ കരുതിയിരുന്നില്ല. വെള്ളം കൊണ്ടുകൊടുക്കലാകും ജോലിയെന്നാണ് ഞാൻ കരുതിയത്. വിചിത്രമായ കാര്യങ്ങളാണ് എൻ്റെ കരിയറിൽ സംഭവിക്കുന്നത്. ” കെ എൽ രാഹുൽ പറഞ്ഞു.

ഏകദിന ക്രിക്കറ്റിലെ തൻ്റെ ആറാം സെഞ്ചുറിയാണ് മത്സരത്തിൽ കെ എൽ രാഹുൽ നേടിയത്. മൂന്നാം വിക്കറ്റിൽ കോഹ്ലിക്കൊപ്പം ചേർന്ന് 235 റൺസ് കെ എൽ രാഹുൽ കൂട്ടിചേർത്തിരുന്നു. മത്സരത്തിൽ പുറത്താകാതെ 106 പന്തിൽ പുറത്താകാതെ 111 റൺസ് കെ എൽ രാഹുൽ നേടി. ബാറ്റിങ് പ്രകടനത്തിനൊപ്പം കെ എൽ രാഹുൽ തന്നെയാണ് പകുതിയിലധികം ഓവറിലും ഇന്ത്യക്കായി വിക്കറ്റ് കീപ്പിങ് ചെയ്തത്. ഏകദിന ലോകകപ്പ് വരാനിരിക്കെ താരത്തിൻ്റെ പ്രകടനം ശുഭസൂചനയാണ് ഇന്ത്യയ്ക്ക് നൽകുന്നത്.