Skip to content

അത് തെറ്റായ തീരുമാനം !! കോഹ്ലിയ്ക്ക് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകിയതിൽ എതിർപ്പുമായി ഗംഭീർ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. കെ എൽ രാഹുലിനൊപ്പം തകർപ്പൻ സെഞ്ചുറി നേടി ഇന്ത്യയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ച വിരാട് കോഹ്ലിയ്ക്കാണ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് ലഭിച്ചത്. എന്നാൽ കോഹ്ലിയ്ക്ക് പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നൽകിയതിൽ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

മത്സരത്തിൽ ഏകദിനത്തിലെ തൻ്റെ 47 ആം സെഞ്ചുറി നേടിയ വിരാട് കോഹ്ലി 94 പന്തിൽ 9 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 122 റൺസ് നേടിയിരുന്നു. 106 പന്തിൽ 111 റൺസ് നേടിയ കെ എൽ രാഹുലും ഇന്ത്യക്കായി മികവ് പുലർത്തി. എന്നാൽ പ്ലേയർ ഓഫ് ദി മാച്ചിന് അർഹൻ പാക് ബാറ്റിങ് നിരയെ ചുരുക്കികെട്ടി ഇന്ത്യയ്ക്ക് കൂറ്റൻ വിജയം സമ്മാനിച്ച കുൽദീപ് യാദവായിരുന്നുവെന്നാണ് ഗംഭീറിൻ്റെ അഭിപ്രായം.

8 ഓവറിൽ 25 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ കുൽദീപ് യാദവ് മത്സരത്തിൽ നേടിയത്.

” എന്നെ സംബന്ധിച്ച് പ്ലേയർ ഓഫ് ദി മാച്ച് അവനാണ്. അവന് അപ്പുറത്തേക്ക് നോക്കുവാൻ എനിക്കാകില്ല. വിരാടും കെ എൽ രാഹുലും സെഞ്ചുറി നേടി. രോഹിത് ശർമ്മയും ഗില്ലും ഫിഫ്റ്റി നേടി. പക്ഷേ ഇത്തരമൊരു പിച്ചിൽ സ്പിൻ ബൗളർമാരെ നന്നായി നേരിടുന്ന പാകിസ്ഥാനെതിരെ 8 ഓവറിൽ അഞ്ച് വിക്കറ്റ് നേടുകയെന്നത് ചെറിയ കാര്യമല്ല.”

” ഓസ്ട്രേലിയയോ സൗത്താഫ്രിക്കയോ ന്യൂസിലൻഡോ ആയിരുന്നെങ്കിൽ അതെനിക്ക് മനസ്സിലാക്കാൻ കഴിയും കാരണം അവർ സ്പിന്നർമാരെ അത്ര നന്നായി നേരിടുന്നവർ അല്ല. പക്ഷേ ഈ പ്രകടനം ബൗളറുടെ ക്വാളിറ്റി തന്നെയാണ് കാണിക്കുന്നത്. ” ഗംഭീർ പറഞ്ഞു.