Skip to content

സച്ചിന് ശേഷം ഇതാദ്യം !! കുൽദീപ് യാദവ് കുറിച്ചത് തകർപ്പൻ റെക്കോർഡ്

ആരാധകരെ ആവേശത്തിലാക്കികൊണ്ട് വമ്പൻ വിജയമാണ് പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യ കുറിച്ചത്. കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാനെ എറിഞ്ഞുവീഴ്ത്തികൊണ്ട് കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് വമ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡും കുൽദീപ് യാദവ് സ്വന്തമാക്കി.

മത്സരത്തിൽ എട്ടോവറിൽ 25 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ കുൽദീപ് യാദവ് നേടിയത്. 18 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ ബൗളർ പാകിസ്ഥാനെതിരെ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്.

ഇതിന് മുൻപ് 2005 ൽ കൊച്ചിയിൽ നടന്ന ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറാണ് അവസാനമായി പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ ബൗളർ. പാകിസ്ഥാനെതിരെ ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ സ്പിന്നർ കൂടിയാണ് കുൽദീപ് യാദവ്. സച്ചിനും കുൽദീപിനും പുറമെ 1988 ൽ പാകിസ്ഥാനെതിരെ അർഷാദ് ആയുബും അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്.

മത്സരത്തിൽ 228 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 357 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാന് 32 ഓവറിൽ 128 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. വിരാട് കോഹ്ലിയാണ് പ്ലേയർ ഓഫ് ദി മാച്ച്. നാളെ നടക്കുന്ന പോരാട്ടത്തിൽ ശ്രീലങ്കയുമായി ഇന്ത്യ ഏറ്റുമുട്ടും.