Skip to content

രോഹിത് ശർമ്മയ്ക്ക് കീഴിൽ ഇന്ത്യ കുറിച്ചത് പാകിസ്ഥാനെതിരായ അഭിമാന വിജയം !!

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഇന്ത്യ. എല്ലാ മേഖലയിലും മേധാവിത്വം പുലർത്തിയ മത്സരത്തിൽ 228 റൺസിൻ്റെ കൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 357 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാന് 32 ഓവറിൽ 128 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. പാകിസ്ഥാൻ്റെ എട്ട് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. പരിക്ക് മൂലം നസീം ഷായും ഹാരിസ് റൗഫും ബാറ്റിങിന് ഇറങ്ങിയില്ല.

ഏകദിനത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2008 ൽ മിർപൂരിൽ ധോണിയ്ക്ക് കീഴിൽ ഇന്ത്യ നേടിയ 140 റൺസിൻ്റെ വിജയമായിരുന്നു ഇതിന് മുൻപ് പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ പാകിസ്ഥാൻ്റെ ഏറ്റവും വലിയ രണ്ടാമത്തെ പരാജയം കൂടിയാണിത്. 2009 ൽ ലാഹോറിൽ ശ്രീലങ്കയ്ക്കെതിരായ 234 റൺസിൻ്റെ തോൽവിയാണ് ഏകദിന ചരിത്രത്തിലെ പാകിസ്ഥാൻ്റെ ഏറ്റവും വലിയ പരാജയം.

കൂടാതെ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാൻ്റെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടീം ടോട്ടലാണിത്. ഇതിന് മുൻപ് 1997 ൽ 116 റൺസിനും 1985 ൽ ഷാർജയിൽ 87 റൺസിനും പാകിസ്ഥാൻ പുറത്തായിട്ടുണ്ട്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലി യുടെയും കെ എൽ രാഹുലിൻ്റെയും സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. കോഹ്ലി 122 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 111 റൺസ് നേടി. ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് നേടി. മറുപടി ബാറ്റിങിൽ 8 ഓവറിൽ 25 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് പാകിസ്ഥാനെ തകർത്തത്.