Skip to content

കുൽദീപ് ദി ഹീറോ !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്ന് ചാരമായി പാകിസ്ഥാൻ

പാകിസ്ഥാനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 228 റൺസിൻ്റെ തകർപ്പൻ വിജയം. എല്ലാ മേഖലയിലും ഇന്ത്യ മേധാവിത്വം പുലർത്തിയപ്പോൾ അക്ഷരാർഥത്തിൽ പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 357 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാന് 32 ഓവറിൽ 128 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടമായി. നസീം ഷായും ഹാരിസ് റൗഫും ബാറ്റിങിന് ഇറങ്ങാതിരുന്നതോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. പാകിസ്ഥാൻ നിരയിൽ ആർക്കും തന്നെ പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല.

8 ഓവറിൽ 25 റൺസ് വഴങ്ങി വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാകിസ്ഥാനെ തകർത്തത്. ജസ്പ്രീത് ബുംറ, ഷാർദുൽ താക്കൂർ, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.

ഏകദിനത്തിലെ 47 ആം സെഞ്ചുറി നേടിയ കോഹ്ലി 94 പന്തിൽ 9 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 122 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 106 പന്തിൽ 12 ഫോറും 2 സിക്സും ഉൾപ്പടെ 111 റൺസ് നേടി. നേരത്തെ ഓപ്പണിങ് കൂട്ടുകെട്ടിൽ 121 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു.

രോഹിത് ശർമ്മ 49 പന്തിൽ 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 58 റൺസും നേടി. നാളെ സൂപ്പർ ഫോറിലെ അടുത്ത പോരാട്ടത്തിൽ ശ്രീലങ്കയുമായി ഇന്ത്യ ഏറ്റുമുട്ടും. ഇതേ വേദിയിൽ തന്നെയാണ് മത്സരം നടക്കുന്നത്.