Skip to content

സച്ചിൻ അടക്കമുള്ളവർ ബഹുദൂരം പിന്നിൽ !! എത്തിപിടിക്കാനാകാത്ത റെക്കോർഡുമായി കിങ് കോഹ്‌ലി

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ കിങ് കോഹ്ലി കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ 47 ആം സെഞ്ചുറിയാണ് മത്സരത്തിൽ കോഹ്ലി കുറിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് കിങ് കോഹ്ലി. സച്ചിൻ അടക്കമുള്ള ഇതിഹാസങ്ങളെ ബഹുദൂരം പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് കോഹ്ലി കുറിച്ചത്.

മത്സരത്തിൽ 84 പന്തിൽ നിന്നുമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 94 പന്തിൽ 9 ഫോറും മൂന്ന് സിക്സും ഉൾപ്പടെ പുറത്താകാതെ 122 റൺസ് കോഹ്ലി നേടിയിരുന്നു. ഈ ഗംഭീര പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ 13000 റൺസും കോഹ്ലി പൂർത്തിയാക്കി.

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 13000 റൺസ് നേടുന്ന ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. വെറും 267 ഇന്നിങ്സിൽ നിന്നുമാണ് കോഹ്ലി 13000 റൺസ് പൂർത്തിയാക്കിയത്. 321 ഇന്നിങ്സിൽ നിന്നും 13000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെ ബഹുദൂരം പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് കിങ് കോഹ്ലി പിന്നിലാക്കിയത്.

റിക്കി പോണ്ടിംഗ് (341 ഇന്നിംഗ്സ് ), കുമാർ സംഗക്കാര (363 ഇന്നിങ്സ്), സനത് ജയസൂര്യ (416 ഇന്നിംഗ്സ് ) എന്നിവരാണ് ഈ റെക്കോർഡിൽ സച്ചിനും കോഹ്ലിയ്ക്കും പിന്നിലുള്ളത്.

ഏകദിന ക്രിക്കറ്റിലെ തൻ്റെ 47 ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ 77 ആം സെഞ്ചുറിയുമാണ് കിങ് കോഹ്ലി നേടിയത്. ഏകദിന ക്രിക്കറ്റിൽ ഇനി സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കുവാൻ മൂന്ന് സെഞ്ചുറി മാത്രമാണ് കോഹ്ലിയ്ക്ക് വേണ്ടത്.