Skip to content

ഹാരിസ് റൗഫിനെ കിട്ടിയില്ല ! പകരം നസീം ഷായ്ക്കെതിരെ സിക്സ് പറത്തി മെൽബണിലെ ഓർമ്മകൾ ആരാധകർക്ക് സമ്മാനിച്ച് കോഹ്ലി : വീഡിയോ കാണാം

ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത പ്രകടനമാണ് കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ മെൽബണിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ആ ഇന്നിങ്സിൻ്റെ പ്രധാന ഹൈലൈറ്റ് ഹാരിസ് റൗഫിനെതിരെ ലോങ് ഓണിൽ കോഹ്ലി പറത്തിയ ആ സിക്സായിരുന്നു. ഇപ്പോഴിതാ അതിന് സമാനമായ സിക്സ് പറത്തികൊണ്ട് ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ് കിങ് കോഹ്ലി.

പരിക്ക് മൂലം ഹാരിസ് റൗഫ് റിസർവ് ഡേയിൽ പന്തെറിഞ്ഞിരുന്നില്ല. മറ്റൊരു പേസറായ നസീം ഷായ്ക്കെതിരെയായിരുന്നു ഇക്കുറി മെൽബണിലെ സിക്സിന് സമാനമായ സിക്സ് കോഹ്ലി പറത്തിയത്. 47 ആം ഓവറിലെ നാലാം പന്തിലായിരുന്നു ഈ സിക്സ് കോഹ്ലി നേടിയത്.

മത്സരത്തിൽ ഏകദിന ക്രിക്കറ്റിലെ തൻ്റെ 47 ആം സെഞ്ചുറി നേടിയ കോഹ്ലി 94 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 122 റൺസ് നേടിയിരുന്നു. കോഹ്ലിയ്ക്കൊപ്പം ഏകദിന ക്രിക്കറ്റിലെ ആറാം സെഞ്ചുറി നേടിയ കെ എൽ രാഹുൽ 106 പന്തിൽ 111 റൺസ് നേടികൊണ്ട് തൻ്റെ തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു.

235 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. റിസർവ് ദിനത്തിൽ ഒരു വിക്കറ്റ് പോലും പാക് ബൗളർമാർക്ക് നേടാൻ സാധിച്ചില്ല. നിശ്ചിത 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

https://twitter.com/sarangn019/status/1701224614062608860?t=9VWg7EetNCxrgaTSINqOIA&s=19