Skip to content

ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ. ശ്രേയസ് അയ്യർക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കെ എൽ രാഹുൽ താൻ ലോകകപ്പിന് തയ്യാറായി തന്നെയാണ് എത്തിയിരിക്കുന്നതെന്ന് തകർപ്പൻ പ്രകടനത്തിലൂടെ തെളിയിക്കുകയായിരുന്നു.

100 പന്തിൽ നിന്നുമാണ് കെ എൽ രാഹുൽ തൻ്റെ സെഞ്ചുറി നേടിയത്. ഏകദിന ക്രിക്കറ്റിലെ കെ എൽ രാഹുലിൻ്റെ ആറാം സെഞ്ചുറിയാണിത്. മൂന്നാം വിക്കറ്റിൽ വിരാട് കോഹ്ലിയ്ക്കൊപ്പം ചേർന്ന് 235 റൺസ് പുറത്താകാതെ കെ എൽ രാഹുൽ കൂട്ടിച്ചേർത്തു.

കെ എൽ രാഹുൽ 106 പന്തിൽ 12 ഫോറും 2 സിക്സും അടക്കം 111 റൺസ് നേടിയപ്പോൾ ഏകദിന ക്രിക്കറ്റിലെ തൻ്റെ 47 ആം സെഞ്ചുറി നേടിയ കിങ് കോഹ്ലി 94 പന്തിൽ 8 ഫോറും മൂന്ന് സിക്സും അടക്കം 122 റൺസ് അടിച്ചുകൂട്ടി. ഇരുവരുടെയും മികവിൽ 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് ഇന്ത്യ നേടി.

നീണ്ട 6 മാസത്തിന് ശേഷമുള്ള കെ എൽ രാഹുലിൻ്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവാണിത്. ഇക്കഴിഞ്ഞ ഐ പി എല്ലിലാണ് താരത്തിന് പരിക്ക് പറ്റിയത്. കെ എൽ രാഹുൽ തിരികെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ ആരാധകരിൽ നിന്നടക്കം വലിയ എതിർപ്പ് ഉയർന്നിരുന്നു. പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ഇഷാൻ കിഷൻ്റെ പ്രകടനം കൂടിയായതോടെ കെ എൽ രാഹുൽ പ്ലേയിങ് ഇലവനിൽ വേണ്ടെന്ന നിലപാട് പോലും ഗംഭീർ അടക്കമുള്ള താരങ്ങൾ എടുത്തിരുന്നു.

എന്നാൽ ടീം തന്നിൽ അർപ്പിച്ച വിശ്വാസം തകർപ്പൻ സെഞ്ചുറി നേടികൊണ്ട് കാത്തുസൂക്ഷിച്ചിരിക്കുകയാണ് കെ എൽ രാഹുൽ.