Skip to content

ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി

ഈ ഏഷ്യ കപ്പ് ക്രിക്കറ്റ് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ ആദ്യ പോരാട്ടം മഴമൂലം ഉപേക്ഷിച്ചത് കൂടാതെ ഇപ്പോൾ ഇരു ടീമുകളും തമ്മിലുളള സൂപ്പർ ഫോർ പോരാട്ടത്തിലും മഴ വില്ലനായി കൊണ്ടിരിക്കുകയാണ്.

അതിനിടെ ഏഷ്യ കപ്പ് ശ്രീലങ്കയിൽ ഷെഡ്യൂൾ ചെയ്തതിൽ വലിയ വിമർശനമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നേരിടുന്നത്. മഴ സീസണിൽ തന്നെ ശ്രീലങ്കയിൽ ഷെഡ്യൂൾ ചെയ്തത് വലിയ പിഴവായി പോയെന്നും വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഇതിനിടെ ഇക്കാര്യത്തിൽ സംഘാടകരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കമൻ്റേറ്ററും മുൻ ഇന്ത്യൻ ഹെഡ് കോച്ചും കൂടിയായ രവി ശാസ്ത്രി.

ശ്രീലങ്ക അല്ലെങ്കിൽ സംഘാടകർക്ക് മുൻപിൽ ഉണ്ടായിരുന്ന ഒരേയൊരു ഓപ്ഷനെന്നത് യു എ ഇ തന്നെയായിരുന്നു. കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് യു എ ഇയിൽ വെച്ചായിരുന്നു നടന്നിരുന്നത്. എന്നാൽ ടി20 ഫോർമാറ്റ് പോലെയല്ല ഏകദിനമെന്നും ദുബായിലെ ഈ ചൂടിൽ 50 ഓവർ കളിച്ചാൽ കളിക്കാർക്ക് പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ഇപ്പോൾ വന്നിരിക്കുന്നത് അപ്രതീക്ഷിതമായ സാഹചര്യമാണെന്നും ഇതൊന്നും നിയന്ത്രിക്കാൻ നമുക്ക് സാധിക്കാത്തതിനാൽ അതിൽ വിമർശനം ഉന്നയിച്ചിട്ടും കാര്യമില്ലെന്നും ബംഗ്ളാദേശിലും ഉത്തരേന്ത്യയിലും അടക്കം ഇപ്പോൾ മഴയുണ്ടെന്നും പാകിസ്ഥാനിൽ പൂർണമായും നടത്താമായിരുന്നുവെന്ന് പറയുന്നത് മറ്റൊരു വിഷയമാണെന്നും അതിൽ ചർച്ചകൾ നടത്തേണ്ടത് മറ്റുള്ളവരാണെന്നും രവി ശാസ്ത്രി പറഞ്ഞു.