Skip to content

ക്യാപ്റ്റൻ തിരിച്ചെത്തി ! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ കൂടിയായിരുന്ന ന്യൂസിലൻഡിനെ ഇക്കുറിയും നയിക്കുന്നത് കെയ്ൻ വില്യംസൺ തന്നെയാണ്. 2019 ലോകകപ്പിലെ മറ്റു ക്യാപ്റ്റന്മാർ സ്ഥാനം ഒഴിയുകയും ചിലർ വിരമിക്കുകയും ചെയ്തപ്പോൾ കെയ്ൻ വില്യംസൻ മാത്രമാണ് ക്യാപ്റ്റനായി ഈ ലോകകപ്പിലും തുടരുന്നത്.

ഓപ്പണർ ഫിൻ അലനൊപ്പം പേസ് ബൗളർ ആദം മിൽനെയ്ക്കും ടീമിൽ ഇടം നേടുവാൻ സാധിച്ചില്ല. നീണ്ട ഇടവേളയ്ക്ക് ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയ ട്രെൻഡ് ബോൾട്ട് തന്നെയായിരിക്കും ഇക്കുറിയും ബൗളിംഗ് നിരയെ നയിക്കുക.

ട്രെൻഡ് ബോൾട്ടിനൊപ്പം നാഷണൽ ടീം കരാർ വേണ്ടെന്ന് വെച്ചിരുന്ന ഓൾ റൗണ്ടർ ജിമ്മി നീഷവും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മാർക്ക് ചാപ്മാൻ, ഡെവൻ കോൺവെ, ഡാരൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ് എന്നിവരുടെ ഏകദിന ലോകകപ്പ് അരങ്ങേറ്റം കൂടിയാകുമിത്. ഇവർക്കൊപ്പം തന്നെ രച്ചിൻ രവീന്ദ്രയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ലോകകപ്പിലും ഫൈനലിൽ എത്തിയെങ്കിലും കിരീടനേട്ടം കുറിക്കാൻ ന്യൂസിലൻഡിന് സാധിച്ചിട്ടില്ല. 2015 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടും കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനോടുമാണ് ന്യൂസിലൻഡ് പരാജയപെട്ടത്. ഈ ലോകകപ്പ് ഒക്ടോബർ അഞ്ചിന് ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുളള പോരാട്ടത്തോടെയാണ് ആരംഭിക്കുന്നത്.

കെയ്ൻ വില്യംസൺ (c), ട്രെന്റ് ബോൾട്ട്, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ടോം ലാതം, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്സ്, റാച്ചിൻ രവീന്ദ്ര, മിച്ച് സാന്റ്നർ, ഇഷ് സോധി, ടിം സൗത്തി, വിൽ യംഗ്