Skip to content

അതിൻ്റെ ക്രെഡിറ്റ് ധോണിയ്ക്ക് നൽകണം !! യുവ താരത്തിൻ്റെ വളർച്ചയിൽ ധോണിയുടെ പങ്കിനെ കുറിച്ച് ശ്രീലങ്കൻ പരിശീലകൻ

ഏവരും പ്രതീക്ഷിച്ച പോലെ ശ്രീലങ്കൻ ബൗളിംഗ് നിരയുടെ ശക്തികേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ് യുവതാരം മതീഷ പതിരാനെ. ശ്രീലങ്കയ്ക്ക് വേണ്ടി ഡെത്ത് ഓവറുകളിൽ ഗംഭീര പ്രകടനം ഈ താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ അണ്ടർ 19 താരമായിരുന്നുവെങ്കിലും താരത്തിൻ്റെ ഈ വളർച്ചയിൽ ധോണിയ്ക്കും നിർണായക പങ്കുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ അസിസ്റ്റൻ്റ് കോച്ച് നവീദ് നവാസ്.

ഈ ഏഷ്യ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഇതിനോടകം എട്ട് വിക്കറ്റുകൾ പതിരാന നേടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ മറ്റുള്ളവർ റൺസ് വഴങ്ങി കൂട്ടിയപ്പോൾ താരത്തിൻ്റെ അവസാന ഓവറുകളാണ് ശ്രീലങ്കൻ വിജയത്തിൽ നിർണായകമായത്.

ഐ പി എല്ലിലെ അവസരങ്ങളും ധോണിയെ പോലെയൊരു ക്യാപ്റ്റനും കീഴിൽ കളിക്കാൻ സാധിച്ചതും താരത്തെ കൂടുതൽ പക്വതയുള്ള ബൗളറാക്കി മാറ്റിയതായി നവീദ് നവാസ് പറഞ്ഞു.

എന്നാൽ താരത്തിൻ്റെ കഴിവ് ചെറുപ്പത്തിൽ തന്നെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മനസ്സിലാക്കിയിരുന്നതായും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൻ്റെ ഡെവലപ്പ്മെൻ്റ് പ്രോഗ്രാമുകളിൽ താരം ഭാഗമായിരുന്നുവെന്നും അതിനൊപ്പം ഇപ്പോൾ ഐ പി എല്ലിലെ അനുഭവ സമ്പത്തും താരത്തിൻ്റെ വളർച്ചയിൽ പങ്കുവഹിച്ചുവെന്നും സമ്മർദ്ദ ഘട്ടങ്ങൾ എങ്ങനെ നേരിടണമെന്ന് ധോണിയെ പോലെയൊരു താരത്തിൽ നിന്നും അവൻ പഠിച്ചിട്ടുണ്ടാകുമെന്നും ശ്രീലങ്കൻ പരിശീലകൻ പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിനായി 14 മത്സരങ്ങൾ കളിച്ച പതിരാന 21 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ കിരീടനേട്ടത്തിൽ താരവും പങ്കുവഹിച്ചിരുന്നു.