Skip to content

വേറിട്ട രീതിയിൽ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. കെയ്ൻ വില്യംസൺ തന്നെയാണ് ഇക്കുറിയും ടീമിനെ നയിക്കുന്നത്. സൂപ്പർതാരങ്ങൾ തിരിച്ചെത്തിയതിനൊപ്പം വേറിട്ട രീതിയിൽ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത് ആരാധകർക്ക് കൗതുകമായി.

മറ്റു ടീമുകൾ സോഷ്യൽ മീഡിയയിലൂടെയും പ്രസ്സ് കോൺഫ്രൻസിലൂടെയുമാണ് ടീമുകളെ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ന്യൂസിലൻഡും ടീമിനെ പ്രഖ്യാപിച്ചത്. പക്ഷേ താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയത് കോച്ചോ ക്യാപ്റ്റനോ സെലക്‌ടറോ അല്ല ആ താരങ്ങളുടെ കുടുംബാംഗങ്ങളും കാമുകിമാരുമായിരുന്നു.

കെയ്ൻ വില്യംസൻ്റെ മക്കളുടെ ദൃശ്യത്തോടെയാണ് ലോകകപ്പ് ടീം പ്രഖ്യാപന വീഡിയോ ന്യൂസിലൻഡ് പുറത്തുവിട്ടത്. പിന്നീട് ഓരോ താരങ്ങളുടെയും കുടുംബങ്ങളും കാമുകിമാരും പേരുകൾ വീഡിയോയിൽ പറയുകയായിരുന്നു.

ഈ വേറിട്ട രീതി പ്രതീക്ഷിച്ച പോലെ തന്നെ വൈറലാവുകയും ചെയ്തു. ടീമിലേക്ക് വരുമ്പോൾ കെയ്ൻ വില്യംസൺ നയിക്കുന്ന ടീമിൽ ട്രെൻഡ് ബോൾട്ട്, ജിമ്മി നീഷം എന്നിവർ തിരിച്ചെത്തിയിട്ടുണ്ട്. ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്.