Skip to content

പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപേ പാകിസ്ഥാന് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെയാണ് പാകിസ്ഥാന് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നത്.

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്കയെ 123 റൺസിന് പരാജയപെടുത്തികൊണ്ടാണ് ഓസ്ട്രേലിയ റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 393 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 41.5 ഓവറിൽ 269 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സൗത്താഫ്രിക്കൻ നിരയിൽ ആർക്കും തന്നെ വമ്പൻ സ്കോർ നേടുവാൻ സാധിച്ചില്ല. ക്ലാസൻ, ഡേവിഡ് മില്ലർ എന്നിവർ 49 റൺസ് നേടി പുറത്തായി.

ഓസ്ട്രേലിയക്കായി ആഡം സാംപ നാല് വിക്കറ്റും നേതൻ എല്ലിസ്, ആരോൺ ഹാർഡീ, സീൻ അബോട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 99 പന്തിൽ 124 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 93 പന്തിൽ 106 റൺസ് നേടിയ ഡേവിഡ് വാർണർ, 36 പന്തിൽ 64 റൺസ് നേടിയ ട്രാവിസ് ഹെഡ്, 37 പന്തിൽ 50 റൺസ് നേടിയ ജോഷ് ഇംഗ്ലീഷ് എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 392 റൺസ് നേടിയത്.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 2-0 ന് മുൻപിലെത്തി. നേരത്തെ ടി20 പരമ്പര 3-0 ന് ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു.