Skip to content

ഓസ്ട്രേലിയക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ശ്രീലങ്ക

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്ക. മത്സരത്തിലെ തോൽവിയോടെ ബംഗ്ലാദേശ് ഏഷ്യ കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു. മത്സരത്തിൽ കുറിച്ച വിജയത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ശ്രീലങ്ക. ഇന്ത്യയ്ക്കോ ഇംഗ്ലണ്ടിനോ പോലും നേടാനാത്ത റെക്കോർഡാണ് ശ്രീലങ്ക നേടിയിരിക്കുന്നത്.

ഏകദിന ക്രിക്കറ്റിൽ ശ്രീലങ്ക നേടുന്ന തുടർച്ചയായ പതിമൂന്നാം വിജയമാണിത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടുന്ന ടീമെന്ന റെക്കോർഡ് ശ്രീലങ്ക സ്വന്തമാക്കി. തുടർച്ചയായ 12 വിജയം നേടിയിട്ടുള്ള പാകിസ്ഥാൻ, സൗത്താഫ്രിക്ക എന്നീ ടീമുകളെയാണ് ശ്രീലങ്ക പിന്നിലാക്കിയത്.

21 ഏകദിന മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടിയ ഓസ്ട്രേലിയയാണ് ഈ റെക്കോർഡിലും ഒന്നാം സ്ഥാനത്തുള്ളത്. 2003 ഐസിസി ഏകദിന ലോകകപ്പിലെ 11 മത്സരങ്ങൾ അടക്കം 2003 ജനുവരി മുതൽ മെയ് മാസം വരെയാണ് തുടർച്ചയായി ഇത്രയധികം മത്സരങ്ങളിൽ ഓസ്ട്രേലിയ വിജയിച്ചത്.

ഈ വർഷം ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ വിജയത്തോടെയാണ് ശ്രീലങ്കയുടെ വിജയതുടർച്ച ആരംഭിച്ചത്. പിന്നീട് സിംബാബ‌വെയിൽ നടന്ന ക്വാളിഫയറിൽ എല്ലാ മത്സരങ്ങളിലും വിജയിച്ച് ശ്രീലങ്ക ലോകകപ്പ് യോഗ്യത നേടിയിരുന്നു.

എന്നാൽ ഓസ്ട്രേലിയയുടെ വിജയതുടർച്ചകൾ പലപ്പോഴും അവസാനിപ്പിച്ചിട്ടുള്ള ഇന്ത്യയുമായാണ് ശ്രീലങ്കയുടെ അടുത്ത മത്സരം. അതുകൊണ്ട് തന്നെ ഈ റെക്കോർഡ് നിലനിർത്തുകയെന്നത് അവർക്ക് എളുപ്പമാവില്ല.