Skip to content

പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

ഏഷ്യ കപ്പിൽ ഷഹീൻ അഫ്രീദിയെന്ന അപകടകാരിയായ ബൗളറെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് ഉപദേശവുമായി മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങിയ ഇന്ത്യൻ ടോപ്പ് ഓർഡർ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ പതറിയിരുന്നു.

ഇരുവർക്കും പുറമെ ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റും ഷഹീൻ നേടി. എന്നാൽ ഷഹീൻ എന്ന ബൗളറെയല്ല അവൻ എറിയുന്ന പന്തുകളെയാണ് നേരിടേണ്ടതെന്ന തിരിച്ചറിവ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് വേണമെന്നും അതുണ്ടായാൽ തന്നെ ഷഹീൻ ഉയർത്തുന്ന ഭീഷണിയെ അതിജീവിക്കാനാകുമെന്നും ജാവേദ് പറഞ്ഞു.

ഷഹീൻ അഫ്രീദിയ്ക്കെതിരെ റൺസ് സ്കോർ ചെയ്യാൻ നോക്കാതെ വിക്കറ്റ് സംരക്ഷിക്കാൻ മാത്രമാണ് ഇന്ത്യൻ താരങ്ങൾ ശ്രമിച്ചതെന്നും ഷഹീൻ എറിഞ്ഞ ഹാഫ് വോളിസ് പോലും ഇന്ത്യൻ താരങ്ങൾ പാഴാക്കിയെന്നും ബൗണ്ടറികൾ നേടികൊണ്ട് റൺസ് കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും മുൻ പാക് താരം പറഞ്ഞു.

വിരാട് കോഹ്ലിയാണെങ്കിൽ കളിക്കേണ്ടത് വിരാട് കോഹ്ലിയെ പോലെയാണ് കളിക്കേണ്ടതെന്നും പെട്ടെന്നൊരു സമയം ചന്ദ്രപോളിനെ പോലെയാകുവാൻ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പർ ഫോർ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ് എന്നിവർ അടങ്ങുന്ന പേസ് നിര ഉയർത്തുന്ന വെല്ലുവിളിയും ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പ്രകടനവുമാകും മത്സരത്തിൽ നിർണ്ണായകമാവുക.