Skip to content

മറ്റുള്ളവരേക്കാൾ മൂന്ന് മടങ്ങ് ജോലിഭാരമാണ് എനിക്കുള്ളത് !! ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഇന്ത്യൻ ടീമിൽ മറ്റുള്ളവരെ പോലെ എളുപ്പമല്ല തൻ്റെ ജോലിയെന്ന് സ്റ്റാർ ഓൾ റൗണ്ടറും ടീമിൻ്റെ വൈസ് ക്യാപ്റ്റനും കൂടിയായ ഹാർദിക്ക് പാണ്ഡ്യ. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപേ സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനം പാണ്ഡ്യയുടെ ഭാഗത്തുനിന്നുമുണ്ടായത്.

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം ഹാർദിക്ക് പാണ്ഡ്യ കാഴ്ച്ചവെച്ചിരുന്നു. 90 പന്തിൽ 87 റൺസ് നേടിയ ഇഷാൻ കിഷനൊപ്പം പാണ്ഡ്യ തിളങ്ങിയതോടെയാണ് ഇന്ത്യ തകർച്ചയിൽ നിന്നും കരകയറിയത്. നേപ്പാളിനെതിരെയാകട്ടെ എട്ടോവർ എറിഞ്ഞ താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഒരു ഓൾ റൗണ്ടർ എന്ന നിലയിൽ മറ്റുള്ളവരേക്കാൾ രണ്ടോ മൂന്നോ മടങ്ങ് ജോലിഭാരം അധികമായി തനിക്കുണ്ടെന്നും പരിശീലനത്തിൽ ടീമിലെ ബാറ്റ്സ്മാന്മാർ ബാറ്റിങ് ഫിനിഷ് ചെയ്ത് വീട്ടിൽ പോകുമ്പോൾ തനിക്ക് അതിന് ശേഷം ബൗൾ ചെയ്യേണ്ടതായി വരുമെന്നും ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.

പരിശീലന സെഷനിൽ കഠിന പ്രയത്നം താൻ ചെയ്യുന്നുണ്ടെന്നും എന്നാൽ മത്സരത്തിലേക്ക് വരുമ്പോൾ ടീമിന് എന്താണ് വേണ്ടത് എന്നതിനാണ് പ്രധാനമെന്നും ഉദാഹരണത്തിന് ടീമിന് 10 ഓവർ ആവശ്യമില്ലെങ്കിൽ തനിക്ക് 10 ഓവർ എറിയേണ്ടതില്ല മറിച്ചാണ് തനിക്ക് പത്തോവറും ചെയ്യേണ്ടിവരുമെന്നും ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു.