Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി !! ചരിത്ര റെക്കോർഡിൽ സച്ചിനെ പിന്നിലാക്കി ഡേവിഡ് വാർണർ

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മത്സരത്തിൽ കുറിച്ച ഈ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെയും ഡേവിഡ് വാർണർ പിന്നിലാക്കി.

വെറും 80 പന്തിൽ നിന്നുമാണ് വാർണർ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ വാർണറിൻ്റെ ഇരുപതാം സെഞ്ചുറിയും സൗത്താഫ്രിക്കയ്ക്കെതിരായ താരത്തിൻ്റെ അഞ്ചാം സെഞ്ചുറിയും ആണിത്.

മത്സരത്തിലെ ഈ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 46 സെഞ്ചുറി നേടിയിട്ടുള്ള വാർണർ മുഴുവൻ സെഞ്ചുറിയും ഓപ്പണറായാണ് നേടിയിട്ടുള്ളത്.

സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്ര റെക്കോർഡ് ഡേവിഡ് വാർണർ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറി നേടിയിട്ടുള്ള സച്ചിൻ 45 സെഞ്ചുറിയാണ് ഓപ്പണർ എന്ന നിലയിൽ നേടിയിട്ടുള്ളത്.

42 സെഞ്ചുറി നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ, 41 സെഞ്ചുറി നേടിയിട്ടുള്ള സനത് ജയസൂര്യ, 40 സെഞ്ചുറി നേടിയിട്ടുള്ള മാത്യൂ ഹെയ്ഡൻ, 39 സെഞ്ചുറി നേടിയിട്ടുള്ള രോഹിത് ശർമ്മ എന്നിവരാണ് ഈ പട്ടികയിൽ വാർണർക്കും സച്ചിനും പിന്നിലുള്ളത്.