Skip to content

ഇത് അനീതിയും നാണകേടും ! ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയിൽ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും കാണിച്ചത് തികച്ചും അനീതിയാണെന്നും വെങ്കടേഷ് തുറന്നടിച്ചു.

ഏഷ്യ കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിന് മാത്രമായി റിസർവ് ഡേ അനുവദിച്ചതാണ് വെങ്കടേഷ് പ്രസാദിനെ ചൊടിപ്പിച്ചിരിക്കുന്നത്. സംഘാടകർ കാണിച്ചത് വിവേചനമാണെന്നും ഇത് ബംഗ്ലാദേശിനെയും ശ്രീലങ്കയെയും പരിഹസിക്കൽ കൂടിയാണെന്നും വെങ്കടേഷ് പ്രസാദ് തുറന്നുപറഞ്ഞു.

” ഇത് സത്യമാണെങ്കിൽ അത് തികച്ചും നാണകേടാണ്. മറ്റ് രണ്ട് ടീമുകൾക്ക് വ്യത്യസ്ത നിയമങ്ങളുള്ള ടൂർണമെൻ്റ് നടത്തുന്നത് അനീതിയാണ്. ” അദ്ദേഹം പറഞ്ഞു.

ഇന്ത്യ പാക് സൂപ്പർ മത്സരം ആദ്യ ദിനവും റിസർവ് ഡേയിലും മഴ പെയ്ത് ഉപേക്ഷിച്ചാൽ മാത്രമെ ടൂർണമെൻ്റ് നീതിപ്പൂർവം നടന്നുവെന്ന് പറയാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ശ്രീലങ്കയുടെയും ബംഗ്ലാദേശിൻ്റെ മുഖ്യ പരിശീലകർ ഇന്ത്യ പാക് മത്സരത്തിന് മാത്രമായി റിസർവ് ഡേ അനുവദിച്ചതിൽ വലിയ എതിർപ്പ് രേഖപെടുത്തിയിരുന്നു.

എന്നാൽ തങ്ങളുടെ സമ്മതപ്രകാരമാണ് റിസർവ് ഡേ അനുവദിച്ചതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും വ്യക്തമാക്കിയിട്ടുണ്ട്.